കളരിപ്പറമ്പ്: ഗുരുദർശനങ്ങളിലെ വെളിച്ചം കൂടുതൽ തെളിച്ചമുള്ള രാഷ്ട്രീയശരികൾക്കുവേണ്ടി പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയണമെന്നു വാഗ്മിയും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടം അഭിപ്രായപ്പെട്ടു.
മതിലകം - കളരിപ്പറമ്പ് ഗ്രാമീണ വായനശാലയും ആർട്സ് ഓഫ് കളരിപ്പറമ്പും ചേർന്ന് സംഘടിപ്പിച്ച സോദരത്വേന ഗുരുവിന്റെ വിശ്വമാനവികത എന്ന പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യക്തി ജീവിതത്തിലും നമ്മുടെ ചുറ്റുപാടിനോടു പുലർത്തേണ്ട ജനാധിപത്യ മര്യാദയെ കുറിച്ച് ഗുരു ജീവിതംകൊണ്ട് കാണിച്ചുതന്നു. ആധുനിക മനുഷ്യൻ എന്ന നിലയിൽ നമ്മൾ അപരനോട് പുലർത്തുന്ന അന്യവൽകരണത്തിന്റെ ഇടങ്ങളിലാണ് ഫാസിസം പ്രവർത്തിക്കുന്നത്. അത്തരം അകലത്തെ മറികടക്കുക എന്ന ദൗത്യമാണ് സാഹോദര്യം ആശയംകൊണ്ട് നമ്മൾ സാധ്യമാക്കേണ്ടതതെന്നും ഇളയിടം പറഞ്ഞു. ദാർശനീകനും ചിന്തകനുമായ ഷൗക്കത്തും ഗുരുദർശനങ്ങളിലെ വിശ്വമാനവീകതയെക്കുറിച്ച് പ്രഭാഷണംനടത്തി. സുധീഷ് അമ്മവീട് അധ്യക്ഷതവഹിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് ബാബു, ജില്ലാ ലൈബ്രറി സെക്രട്ടറി എം. രാജേഷ്, മതിലകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ആൽഫ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.എസ്. മോഹൻദാസ്, സംഘാടകസമിതി കൺവീനർ പി.എം. സിജിത്ത്, വായനശാല പ്രസിഡന്റ് പി.വി. സജിത, മേഖലാ ലൈബ്രറി കൗൺസിൽ കൺവീനർ ശ്രീനിവാസൻ അയിനിപ്പുള്ളി തുടങ്ങിയവർ പങ്കെടുത്തു.