വാഷിംഗ്ടൺ: എഐ രംഗത്ത് അമേരിക്കയുടെ ആധിപത്യം ഉറപ്പാക്കുന്നതിനായി രൂപീകരിച്ച പുതിയ വൈറ്റ് ഹൗസ് ടാസ്ക് ഫോഴ്സിന്റെ തലവനായി നാഷണൽ ഇന്റലിജൻസ് മേധാവി ജെയ് ക്ലെയ്റ്റനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ 'സൂപ്പർ ഇന്റലിജൻസ് ഫോഴ്സ്' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഡേവിഡ് സാക്സിന് ശേഷമാണ് ക്ലെയ്റ്റൻ ഈ അനൗദ്യോഗിക പദവിയിലേക്ക് എത്തിയത്.
ചൈനയിൽ നിന്നുള്ള കടുത്ത മത്സരത്തെ നേരിടാനും, രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനും അമേരിക്കൻ മുൻകൈ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് ക്ലെയ്റ്റൻ വ്യക്തമാക്കി. സാങ്കേതിക മേഖലയിൽ പ്രത്യേക പശ്ചാത്തലമില്ലാത്ത ജെയ് ക്ലെയ്റ്റൻ മുൻ ട്രംപ് ഭരണകാലത്ത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ അധ്യക്ഷനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നത് അമേരിക്കൻ കമ്പനികൾക്ക് തിരിച്ചടിയാകുമെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം.