ഇടുക്കി: സിഎച്ച്ആര്‍ കേസില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. ജില്ലയിലെ ഏലം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ ഇടുക്കിയിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയപ്പോഴാണ് അദ്ദേഹം ഈ ഉറപ്പ് നല്‍കിയത്.
മുഖ്യമന്ത്രിയെ കാണുന്നതിനു മുന്നോടിയായി ജില്ലയില്‍നിന്നുള്ള എല്ലാ എംഎല്‍എമാരും പൂഞ്ഞാര്‍ എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ ആലോചനാ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയെ കണ്ട് ജില്ലയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിവേദനം സമര്‍പ്പിക്കുകയായിരുന്നു.
ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സമയബന്ധിതമായി ഇവ പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിവേദകസംഘത്തിന് ഉറപ്പുനല്‍കി. സുപ്രീംകോടതിയില്‍ നടക്കുന്ന സിഎച്ച്ആര്‍ കേസില്‍ പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിച്ച് കര്‍ഷകര്‍ക്ക് അനുകൂലമായി വിധി സമ്പാദിക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ കുത്തകപ്പാട്ട ഭൂമി സംബന്ധിച്ച വിഷയങ്ങളും എംഎല്‍എമാര്‍ ഉന്നയിച്ചു. നിവേദകസംഘം വനംമന്ത്രിയെ കാണുകയും വനംവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും നിവേദനം നല്‍കുകയും ചെയ്തു.
അടിസ്ഥാന രേഖകള്‍ ഇല്ലാതെ സിഎച്ച്ആര്‍ പ്രദേശം വനമാണെന്ന വനംവകുപ്പിന്റെ വാദം തെറ്റാണെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ വനംമന്ത്രിയെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇടപെടാമെന്ന് വനംമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു.
ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ റോയി കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, എഫ്. രാജ, എം.ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ക്കുപുറമേ കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന് ചെയര്മാന് സ്റ്റനി പോത്തന്, ജനറല്‍ സെക്രട്ടറി പി.ആര്. സന്തോഷ്, ഭാരവാഹികളായ ആര്. മണിക്കുട്ടന്, സണ്ണി മാത്യു, ആഷിഷ് തോമസ്, ജോര്‍ജ് പി. ജേക്കബ്, ബിജു സക്കറിയ എന്നിവരും നിവേദക സംഘത്തിനൊപ്പമുണ്ടായിരുന്നു.