മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ജസ്പ്രീത് ബുംറ ഫിറ്റ്നെസ് വീണ്ടെടുത്ത് തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ താരം ബംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നടത്തിയ ഫിറ്റ്നസ് ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കിയാണ് ടീമിൽ ഇടംനേടിയത്.
ഫിറ്റ്നസ് പരിശോധന വിജയിക്കണമെന്ന വ്യവസ്ഥയോടെയാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് സ്ക്വാഡില്‍ താരത്തെ ഉൾപ്പെടുത്തിയിരുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ബുംറ കളിക്കുമെന്നാണ് റിപ്പോർട്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യക്ക് ബുംറയുടെ തിരിച്ചുവരവ് വലിയ കരുത്താണ് പകരുന്നത്.
ശ്രീലങ്കയ്ക്ക് തൊട്ടുമുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 2027-ലെ ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഈ പരമ്പരയിലെ വിജയങ്ങൾ നിർണായകമാണ്. നിലവിൽ ശേഷിക്കുന്ന ഒമ്പതുടെസ്റ്റുകളില് ഏഴെണ്ണത്തിലെങ്കിലും വിജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് ഫൈനല്‍ സാധ്യത നിലനിര്‍ത്താനാകൂ. ശ്രീലങ്കയിലെ പരമ്പരയ്ക്ക് ശേഷം ഈ വര്‍ഷാവസാനം ന്യൂസിലന്‍ഡിലേക്ക് പര്യടനമുണ്ട്.
അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ നിന്ന് വിശ്രമം അനുവദിച്ചിരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജുഡേജയും പരമ്പരയ്ക്കായി ടീമിലേക്ക് തിരിച്ചെത്തി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവരാണ് ടീമിലെ മറ്റ് പേസ് ബൗളർമാർ.