അടൂർ: ജനറൽ ആശുപത്രിയിലെ എക്സ് റേ വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പഴക്കം 56 വർഷം. രോഗികളും ജീവനക്കാരും ദിവസേന ഈ കെട്ടിടം ഉപയോഗിക്കേണ്ടിവരുന്നത് സുരക്ഷാ ആശങ്ക ഉയർത്തുകയാണ്.
എക്സ്-റേ ബ്ലോക്ക് എന്നറിയപ്പെടുന്ന ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് എക്സ്-റേ യൂണിറ്റ് പ്രവർത്തിക്കുന്നത്. മുകളിലെ നിലയിൽ മെഡിക്കൽ റെക്കോർഡ് ലൈബ്രറിയുമുണ്ട്.1969 ജനുവരി 31ന് അന്നത്തെ ആരോഗ്യ മന്ത്രി വെല്ലിംഗ്ടൺ തറക്കല്ലിട്ട കെട്ടിടം 1970 ഏപ്രിൽ 22ന് ആരോഗ്യ മന്ത്രി കെ. എം. ജോർജ് ഉദ്ഘാടനം ചെയ്തതാണ്.
ജീർണാവസ്ഥയിലുള്ള ഈ കെട്ടിടം പൊളിച്ചുമാറ്റാൻ എക്സ് റേ വിഭാഗം പുതിയ ഡയഗ്നോസ്റ്റിക് സെന്റർ കെട്ടിടത്തിലേക്ക് മാറ്റേണ്ടതുണ്ട്. എന്നാൽ പുതിയ കെട്ടിടം ഇതേവരെ പ്രവർത്തനസജ്ജമായിട്ടില്ല.
മാർച്ച് ആറിനു പുതിയ ഡയഗ്നോസ്റ്റിക് സെന്റർ ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. കൂടാതെ വിവിധ വിഭാഗങ്ങൾക്കാവശ്യമായ ഫർണിച്ചറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും
ക്രമീകരിക്കാനുണ്ട്. ഇതെല്ലാം സജ്ജീകരിച്ചശേഷമേ കെട്ടിടം പ്രവർത്തനത്തിനായി തുറന്നുകൊടുക്കാനാകൂ.
ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പുതിയ കെട്ടിടം പ്രവർത്തനസജ്ജമാക്കാൻ നടപടികൾ വൈകുന്നതിൽ രോഗികൾക്കും നാട്ടുകാർക്കും ആശങ്ക ഉയരുകയാണ്. പഴയതും അപകടാവസ്ഥയിലുമായ കെട്ടിടത്തിൽ എക്സ് റേ വിഭാഗം തുടരുന്നതിലെ ആശങ്ക രോഗികളും ജീവനക്കാരും പങ്കുവയ്ക്കുകയാണ്.