യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ പരാതിയുമായി സീക്രട്ട് ഓഫ് കലിംഗ സിനിമയുടെനിർമാതാവ് ബഷീര്‍ വരന്തരപ്പിള്ളി. തിയേറ്ററില്‍ നിന്നും നല്ല പ്രതികരണങ്ങള്‍ ലഭിച്ച സിനിമയ്ക്ക് മോശം റിവ്യൂ ചെയ്ത് സിനിമയുടെ കച്ചവട സാധ്യതകള്‍ ഇല്ലാതാക്കി എന്ന് ആരോപിച്ചു കൊണ്ടാണ് നിര്‍മ്മാതാവ് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ ബിഎന്‍എസ് 356, ബിഎന്‍എസ് 79, ബിഎന്‍എസ് 75 വകുപ്പുകള്‍ പ്രകാരവും ഐടി ആക്ടിലെ 67, 67എ, 66എ എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോ നീക്കം ചെയ്യണമെന്നുമാണ് പരാതിയിലെ ആവശ്യം.
ജൂണ്‍ 18ന് ആണ് ധ്യാന്‍ ശ്രീനിവാസന് നായകനായി എത്തിയ സീക്രട്ട് ഓഫ് കലിംഗ റിലീസ് ആവുന്നത്. ഐറ ഫിലിംസിന്റെ ബാനറില്‍ ബഷീറും സുല്‍ത്താനും ചേര്‍ന്നാണ് നിര്‍മിച്ചത്. സിനിമയുടെ റിലീസ് ദിവസം രാത്രിയില്‍ തന്നെ അശ്വന്ത് കോക്ക് സിനിമയുടെ റിവ്യൂ വീഡിയോ ചെയ്തിരുന്നു.
സിനിമയില്‍ അഭിനയിച്ച ഭൂരിഭാഗം അഭിനേതാക്കളെയും ടെക്നീഷ്യന്മാരെയും അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയും നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ വളരെ മോശമായി ചിത്രീകരിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
സിനിമയുടെ കഥ പൂര്‍ണമായും ജനങ്ങള്‍ക്ക് മനസിലാവുന്ന രീതിയില്‍ പറയുകയും അതിലൂടെ മുടക്കുമുതല്‍ നഷ്ടപ്പെടുകയും സിനിമയ്ക്ക് കിട്ടേണ്ടതായ കോടിക്കണക്കിന് രൂപയുടെ ലാഭം ലഭിക്കാതെ നഷ്ടം സംഭവിക്കുകയും ചെയ്തു.
സിനിമയുടെ തിയേറ്ററുകളില്‍ നിന്നുള്ള വരുമാനവും മറ്റ് കച്ചവട സാധ്യതകളായ ഒടിടി റൈറ്റ്, സാറ്റലൈറ്റ് റൈറ്റ്സ്, ഓവര്‍സീസ്, അദര്‍ ലാംഗ്വേജ് റൈറ്റ്, ഡബ്ബിംഗ് റൈറ്റ്സ്, ഡിജിറ്റല്‍ റൈറ്റ് തുടങ്ങി കോടികള്‍ പ്രതിഫലം ലഭിച്ചേക്കാവുന്ന സാധ്യതകള്‍ മുഴുവന്‍ അശ്വന്ത് കോക്കിന്റെ റിവ്യൂ വീഡിയോലൂടെ നഷ്ടപ്പെട്ടു.
കൂടാതെ തനിക്ക് സമൂഹത്തില്‍ അവമതിപ്പും മാനനഷ്ടവും സംഭവിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. അതേസമയം, കേരളത്തില്‍ 130 ഓളം തിയേറ്ററുകളിലാണ് സീക്രട്ട് ഓഫ് കലിംഗ ജൂണ്‍ 18ന് റിലീസ് ചെയ്തത്. മിസ്റ്ററി ഹൊറര്‍ കോമഡി ഴോണറില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണന് ആണ്.