ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ സെഡ് പ്ലസ് സുരക്ഷ പിൻവലിച്ചു. സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള പുതിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇനി സ്റ്റാലിന് സെഡ് കാറ്റഗറി സുരക്ഷയായിരിക്കും നൽകുക.
സംസ്ഥാന സെക്രട്ടേറിയറ്റിൽ ചേർന്ന കോർ സെൽ സെക്യൂരിറ്റി വിങ്ങിന്റെ യോഗത്തിലാണ് സ്റ്റാലിന്റെ സുരക്ഷ പുനഃപരിശോധിച്ചത്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. സുരക്ഷാ കാറ്റഗറി കുറച്ചെങ്കിലും സ്റ്റാലിന് പോലീസ് സംരക്ഷണമുണ്ടാകും.
യാത്രകളിലും പൊതുപരിപാടികളിലും അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന്റെ മുൻ, മധ്യ, പിൻ ഭാഗങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. പൈലറ്റ്, എസ്കോർട്ട്, ബാക്കപ്പ്, ക്ലോസ് പ്രൊട്ടക്ഷൻ വാഹനങ്ങളും സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായുണ്ടാകും. അതേസമയം സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ എണ്ണം പോലീസ് പുറത്തുവിട്ടിട്ടില്ല.
തമിഴ്നാട്ടിൽ വിഐപി, വിവിഐപി സുരക്ഷാ ക്രമീകരണങ്ങൾ ആറുമാസത്തിലൊരിക്കൽ പുനഃപരിശോധിക്കാറുണ്ട്. രഹസ്യാന്വേഷണ റിപ്പോർട്ടുകൾ, ഭീഷണിയുടെ സ്വഭാവം, തീവ്രത തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയ ശേഷമാണ് സുരക്ഷാ കാറ്റഗറി നിലനിർത്തുകയോ ഉയർത്തുകയോ കുറയ്ക്കുകയോ ചെയ്യുന്നത്.