വിവാഹശേഷം ഭർത്താവ് സഹീർ ഇഖ്ബാലിന്റെ ഒരു താത്പര്യത്തോട് മാത്രം ഒത്തുതീർപ്പിന് സോനാക്ഷി സിൻഹ തയാറല്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഡ്യുക്കാറ്റി സൂപ്പർ ബൈക്കായിരുന്നു അത്.
പ്രണയകാലത്തും വിവാഹശേഷവും വർഷങ്ങളോളം സഹീർ തന്റെ കിടപ്പുമുറിക്കുള്ളിലായിരുന്നു ഈ ബൈക്ക് പാർക്ക് ചെയ്തിരുന്നതെന്നും, ഒടുവിൽ താൻ നിർബന്ധിച്ച് അത് അവിടെനിന്ന് മാറ്റിക്കുകയായിരുന്നുവെന്നും സോനാക്ഷി വെളിപ്പെടുത്തി.
നേഹ ധൂപിയ, അങ്കത് ബേദി എന്നിവർ അവതരിപ്പിക്കുന്ന നോ ഫിൽട്ടർ നേഹ എന്ന ചാറ്റ് ഷോയിലാണ് സഹീറിന്റെ പ്രിയപ്പെട്ട ബൈക്കിന്റെ കഥ സോനാക്ഷി പങ്കിട്ടത്. സഹീറിന് അവന്റെ കിടപ്പുമുറിയിൽ ഒരു മോട്ടോർ ബൈക്ക് വേണമായിരുന്നു. അതും ഒരു വലിയ രാക്ഷസനെപ്പോലെയുള്ള ഡ്യുക്കാറ്റി ബൈക്ക്! അതൊരു ഷോപീസ് അല്ല, ഒറിജിനൽ ബൈക്കാണ്.
ഞങ്ങൾ ഡേറ്റിംഗ് തുടങ്ങിയ കാലം മുതൽ അത് അവന്റെ ബെഡ്റൂമിലുണ്ടായിരുന്നു. പിന്നീട് ഞങ്ങളുടെ നിശ്ചയം കഴിഞ്ഞു, വിവാഹവും കഴിഞ്ഞു. ഒടുവിൽ ഞാൻ പറഞ്ഞു, കടക്ക് പുറത്ത്! എനിക്ക് നിന്നോടാണ് പ്രണയം, നിന്റെ ബൈക്കിനോടല്ല. ബൈക്ക് ഇനി വാതിലിന് പുറത്ത് കിടക്കും. അങ്ങനെ ആ ഡ്യുക്കാറ്റി ബൈക്കിന് ഒടുവിൽ പുതിയൊരു പാർക്കിംഗ് സ്ഥലം കണ്ടെത്തേണ്ടി വന്നു.
ഇപ്പോൾ അവന്റെ ബൈക്ക് ഇരിക്കുന്നത് ഞങ്ങളുടെ ഫോയറിലാണ്.
അതായത് മാലിദ്വീപ്, ദുബായ്, ന്യൂയോർക്ക് തീമുകളിലുള്ള സ്പേസുകൾക്ക് നടുവിലെ ഒരിടത്താണ് ഇപ്പോൾ ആ ബൈക്ക് ഇരിക്കുന്നത്. വീടിന്റെ ഒരു ഭാഗത്തിന് മാലിദ്വീപ് എന്നും, മറ്റൊരു ഭാഗത്തിന് ന്യൂയോർക്ക് എന്നും, വേറൊരു ഭാഗത്തിന് ദുബായ് എന്നുമാണ് പേരിട്ടിരിക്കുന്നത്.
2017ൽ സൽമാൻ ഖാൻ സംഘടിപ്പിച്ച ഒരു പാർട്ടിയിൽ വച്ചാണ് സോനാക്ഷിയും സഹീറും ആദ്യമായി കണ്ടുമുട്ടുന്നത്. വൈകാതെ ഇരുവരും പ്രണയത്തിലായി. ഏഴുവർഷത്തോളം തങ്ങളുടെ ബന്ധം ഇവർ രഹസ്യമായി സൂക്ഷിച്ചു. 2022ൽ പുറത്തിറങ്ങിയ ഡബിൾ എക്സ്എൽ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴും ഇവർ പ്രണയം പരസ്യമാക്കിയിരുന്നില്ല. ഒടുവിൽ 2024 ജൂൺ 23ന് സോനാക്ഷിയുടെ മുംബൈയിലെ വസതിയിലാണ് ലളിതമായ ചടങ്ങുകളോടെ ഇരുവരും വിവാഹിതരായത്.