കണ്ണൂർ: തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് തദ്ദേശതെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് ലീഡർ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തെരഞ്ഞെടുപ്പു കഴിയുമ്പോൾ എൽഡിഎഫ് കൂടുതൽ കരുത്തോടെ വരും. എൽഡിഎഫ് അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്താനുള്ള നില സ്വീകരിച്ചു. അത്തരമൊരു നിലപാടിൽനിന്നു പുറകോട്ടു പോകുന്ന സമീപനമാണു യുഡിഎഫിന്റേത്. എൽഡിഎഫിന് കൂടുതൽ കരുത്ത് പകരുന്ന ജനവിധിയാണ് തദ്ദേശതെരഞ്ഞെടുപ്പിൽ വരുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
യുഡിഎഫ് കൺവീനർ പറഞ്ഞത് രാഷ്ട്രീയ നിലപാട്
നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് എല്ലാ ഘട്ടത്തിലും പിന്തുണ നൽകുന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണു സർക്കാർ സ്വീകരിച്ചത്. അതു തുടരും. വിധിയുമായി ബന്ധപ്പെട്ട് നിയമപരമായി പരിശോധന നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കും. ദിലീപിനെതിരേ ആരെങ്കിലും ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം തന്നെ അറിയിച്ചിട്ടില്ല. പോലീസിനെതിരേ പ്രസ്താവന എന്തുകൊണ്ടെന്നു വ്യക്തമാണ്. അദ്ദേഹത്തിന്റെ തോന്നലുകളാണു പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ തെളിവുകൾ വന്നതിന്റെ അടിസ്ഥാനത്തിലാണു കേസ് മുന്നോട്ടു പോയത്. അത് മറ്റ് ഗൂഢാലോചനയുടെ ഭാഗമാണ് എന്നു പറയാൻ പാടില്ല. കോടതി വിധി എന്താണെന്ന് കണ്ടശേഷമേ പറയാൻ സാധിക്കൂ. യുഡിഎഫ് കൺവീനർ പറഞ്ഞത് അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്. എന്തിനാണ് ധൃതിപ്പെട്ട് ഇങ്ങനെ ഒരു പ്രതികരണമെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
കെ-റെയിൽ
കെ-റെയിൽ പദ്ധതിയിൽ പ്രതീക്ഷ വച്ചിട്ട് കാര്യമില്ല. ഇതിനർഥം പദ്ധതി ഉപേക്ഷിക്കുന്നുവെന്നല്ല. വേറെ വഴി നോക്കേണ്ടി വരും. നാടിന്റെ വികസനത്തിനു സഹായകമായ ഒന്നായിരുന്നു കെ-റെയിൽ. പക്ഷേ റെയിൽ പദ്ധതി നടപ്പാക്കുന്നതിനു കേന്ദ്ര അനുമതി വേണം. പദ്ധതിയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ സംസ്ഥാന സർക്കാരിനുണ്ടായിരുന്നില്ല. അനുമതി വേഗം ലഭിക്കും എന്നാണു പ്രതീക്ഷിച്ചത്. പക്ഷേ, രാഷ്ട്രീയ നിലപാടുകൾ കാരണം അതിനുള്ള അനുമതി ലഭിക്കാതിരുന്നു.
പരാതി കൈമാറാൻ വൈകിയില്ല
പി.ടി. കുഞ്ഞുമുഹമ്മദുമായി ബന്ധപ്പെട്ട പരാതി ഇ മെയിൽ സന്ദേശമായാണ് വന്നത്. ശ്രദ്ധയിൽപെട്ട ഉടൻ കൈമാറിയിട്ടുണ്ട്. കാലതാമസമുണ്ടായിട്ടില്ല.
പുത്തൻ വിദ്യാഭ്യാസനയം നടപ്പാക്കില്ല
കേരളത്തിലെ രണ്ടായിരത്തോളം സ്കൂളുകൾ 5,000 കോടി രൂപ ചെലവിട്ട് നവീകരിച്ചു. പിഎം ശ്രീ നടപ്പായില്ലെങ്കിൽ ഒന്നും സംഭവിക്കാനില്ല. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനു പുത്തൻ വിദ്യാഭ്യാസ നയം നടപ്പാക്കണം എന്നാണു പറഞ്ഞത്. പാഠ്യപദ്ധതിയിൽ ഗാന്ധിവധം, മുഗൾ ഭരണം തുടങ്ങിയവ ഉണ്ടാകാൻ പാടില്ല. ഏതെല്ലാം ഒഴിവാക്കാൻ കേന്ദ്രം നിർദേശിച്ചോ അതെല്ലാം പഠിപ്പിക്കുന്ന നില കേരളത്തിൽ വന്നു. പുത്തൻ വിദ്യാഭ്യാസ നയം ഏതു രീതിയിൽ വന്നാലും നടപ്പാക്കില്ല. സിലബസ് തയാറാക്കുന്നത് നമ്മളാണ്.
സംഘിപട്ടം പാകമാകില്ല
യുഡിഎഫിന്റെ കൂടെയുള്ളവർ വൻ തോതിൽ കൊഴിഞ്ഞുപോകുന്നു. പുതിയ ഏതെങ്കിലും ശക്തിയെ കിട്ടുമോ എന്നാണ് അവർ നോക്കുന്നത്. ജമാ അത്തെ ഇസ്ലാമി മുസ്ലിം വിഭാഗത്തിനിടയിൽ ഒറ്റപ്പെട്ടുപോയ ഒരു വിഭാഗമാണ്. തെരഞ്ഞെടുപ്പിൽ അവർക്ക് വിശ്വാസമില്ല. രാജ്യത്തെ പൊതുവായ കാര്യങ്ങളിലും താത്പര്യമില്ല. അവർ നുണ വ്യാപകമായി പ്രചരിപ്പിക്കുന്നു. വീടുകളിലേക്ക് ആളുകളെയയച്ച് പ്രചാരണം നടത്തുന്നു. ഇടതുപക്ഷം സംഘികൾ എന്നാണ് അവർ വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ആർഎസ്എസ് നിലപാട് എന്താണെന്ന് എല്ലാവർക്കും അറിയാം. സിപിഎമ്മിലെ പലരുടെയും തലയ്ക്ക് അവർ വില പറഞ്ഞു. ആർഎസ്എസിന്റെ ഹിറ്റ്ലിസ്റ്റിൽപെട്ടവർ നിരവധിയുണ്ട്. ആർഎസ്എസിന്റെ വർഗീയ നിലപാടിനെതിരേ പോരാടാൻ ഏതറ്റം വരെയും പോകും. ഒരു ഘട്ടത്തിലും ആർഎസ്എസുമായി സന്ധിചെയ്യാൻ പോയിട്ടില്ല. നാളെയും അത് തന്നെ ചെയ്യും. സംഘിപട്ടം ചാർത്താൻ പുറപ്പെട്ടാൽ അതിൽ ജനങ്ങൾ കുടുങ്ങില്ല, വെള്ളം തൊടാതെ വിഴുങ്ങില്ല. ജമാഅത്തെ ഇസ്ലാമി നയിക്കുന്ന വർഗീയ ശക്തികളുടെ കുബുദ്ധി മാത്രമായിരിക്കും അത്.
ശബരിമലയിൽ കൂടുതൽ പറയാനില്ല
ശബരിമല അന്വേഷണം നല്ല രീതിയിൽ നടക്കുന്നു. ആദ്യം അന്വേഷണ സമിതി പറ്റില്ല എന്ന് പറഞ്ഞ യുഡിഎഫ് തന്നെ അന്വേഷണം മികച്ച രീതിയിലെന്ന് പറഞ്ഞു. പ്രതികളായവർക്കെതിരേ ആവശ്യമായ ഘട്ടത്തിൽ ആവശ്യമായ നടപടി പാർട്ടി സ്വീകരിക്കും. അക്കാര്യത്തിൽ കൂടുതൽ പറയാനില്ല.