പത്തനംതിട്ട: ലഹരിവിരുദ്ധ സംഘടനയുടെ പേരിന്റെ മറവിൽ ലഹരിക്കച്ചവടം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എഴുമറ്റൂർ കൈമല പുത്തൻപുരയ്ക്കൽ ഷർഫിൻ സെബാസ്റ്റ്യൻ (25) ആണ് പിടിയിലായത്. ജില്ലാ ഡാൻസാഫ് ടീം, റാന്നി സബ് ഡിവിഷൻ ഡാൻസാഫ് ടീം എന്നിവരുടെ സംയുക്ത നീക്കത്തിനൊടുവിലാണ് യുവാവ് കുടുങ്ങിയത്. ഇയാളിൽനിന്ന് 1.590 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ആന്റി ഡ്രഗ് മൂവ്മെന്റ് ഇൻ നേഷൻ എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ് എന്ന് അവകാശപ്പെട്ടാണ് യുവാവ് നടന്നിരുന്നത്. അന്വേഷണത്തിൽ ഇത്തരമൊരു സംഘടനയില്ലെന്നും ലഹരിക്കച്ചവടത്തിന്റെ മറവിന് വ്യാജ സംഘടനയുടെ പേര് ഇയാൾ ഉപയോഗിക്കുകയായിരുന്നുവെന്നും വ്യക്തമായി.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ യുവാവിന്റെ വീട്ടിലെത്തിയ പോലീസിനെ തന്റെ മുറി മാറി കാണിച്ചും യുവാവ് കബളിപ്പിക്കാൻ ശ്രമിച്ചു.
തുടർന്ന് പോലീസ് നടത്തിയ വിശദമായ റെയ്ഡിൽ പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ച എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു.എംഡിഎംഎ വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് പബ്ലർ, ചൂടാക്കി വലിക്കാൻ ഉപയോഗിക്കുന്ന എൽ ആകൃതിയിലുള്ള ഫ്യുവിംഗ് പൈപ്പുകൾ, സിഗരറ്റ് ഘടിപ്പിച്ച് വലിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകൾ തുടങ്ങിയവയും കണ്ടെടുത്തു.
തുടരന്വേഷണത്തിൽ പാലാരിവട്ടം, എറണാകുളം ടൗൺ പോലീസ് സ്റ്റേഷനുകളിലും യുവാവിനെതിരേ കേസുണ്ടെന്ന് വ്യക്തമായി.കൂടാതെ കോയിപ്രം സ്റ്റേഷനിൽ സ്ത്രീകളെ ആക്രമിച്ചത് ഉൾപ്പെടെ രണ്ട് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.