ഭുവനേശ്വർ: അദാനി ഗ്രൂപ്പ് അലുമിനിയം മേഖലയിലേക്കും ഇറങ്ങുന്നു. അദാനി ഗ്രൂപ്പിന്റെ മുൻനിര കന്പനിയായ അദാനി എന്റർപ്രൈസസ് ലിമിറ്റഡും (എഇഎൽ) അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഹോൾഡിംഗ് കന്പനി (ഐഎച്ച്സി) ഗ്രൂപ്പിന്റെ പ്രകൃതിവിഭവ നിക്ഷേപ പ്ലാറ്റ്ഫോമായ ഇന്റർനാഷണൽ റിസോഴ്സസ് ഹോൾഡിംഗും ചേർന്ന് ഒഡീഷയിൽ ഒരു സംയോജിത ഗ്രീൻഫീൽഡ് അലുമിനിയം പ്രോജക്റ്റ് വികസിപ്പിക്കുന്നതിനായി ഒഡീഷ സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
11.5 ബില്യണ്‍ ഡോളർ (1.08 ലക്ഷം കോടി രൂപ) നിക്ഷേപത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ നിർമാണ ഘട്ടത്തിലും പ്രവർത്തന ഘട്ടത്തിലുമായി ഏകദേശം 53,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിർദിഷ്ട പദ്ധതിക്കായി എഇഎല്ലും ഐഎച്ച്സിയും ചേർന്ന് 50:50 അനുപാതത്തിൽ ഒരു സംയുക്ത സംരംഭം രൂപീകരിക്കും.
ഇത് ഒഡീഷയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപ പദ്ധതിയും ലോഹസംസ്കരണ മേഖലയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപവുമായിരിക്കും.