ഗാന്ധിനഗർ: ലൗജിഹാദ് ഉൾപ്പെടെ ചൂഷണങ്ങളിൽനിന്ന് പെൺകുട്ടികളെ സംരക്ഷിക്കുന്നതിനായി വിവാഹ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യാൻ ഗുജറാത്ത് സർക്കാർ തീരുമാനം.
നിരപരാധികളായ പെൺകുട്ടികൾ കെണിയിൽപ്പെടുന്നതും ഇത്തരം സംഭവങ്ങൾ വ്യാപകമാകുന്നതുമാണു നിയമഭേദഗതി അനിവാര്യമാക്കിയതെന്ന് ഉപമുഖ്യമന്ത്രി ഹരീഷ് സാംഗ്വി നിയമസഭയിൽ പറഞ്ഞു.
വിവാഹ സര്‍ട്ടിഫിക്കറ്റിന് വധൂവരന്മാരുടെ രക്ഷിതാക്കളുടെ സാന്നിധ്യവും തിരിച്ചറിയല്‍ രേഖകളും നിര്‍ബന്ധമാക്കാനാണ് ആലോചന. ലവ് ജിഹാദ് പോലുള്ള ചൂഷണങ്ങള്‍ തടയുകയും സനാതന ആചാരങ്ങള്‍ സംരക്ഷിക്കുകയുമാണ് ലക്ഷ്യം- നിയമസഭയിൽ മന്ത്രി പറഞ്ഞു.
വിവാഹത്തിന് അപേക്ഷ നല്കിയാല് പത്ത് ദിവസത്തിനകം അസിസ്റ്റന്റ് രജിസ്ട്രാര്‍ വധൂവരന്മാരുടെ രക്ഷിതാക്കളെ വിവരമറിയിക്കണം. അപേക്ഷ നല്കി 30 ദിവസത്തെ പരിശോധനാ കാലാവധിക്കുശേഷം മാത്രം വിവാഹം രജിസ്റ്റര്‍ ചെയ്യും. വിശദാംശങ്ങൾ മറച്ചുവച്ചോ തെറ്റിദ്ധരിപ്പിച്ചോ പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തുന്ന സാമൂഹികവിരുദ്ധരെ തടയാന്‍ ഇതുവഴി കഴിയും-മന്ത്രി പറഞ്ഞു.
പ്രണയവിവാഹങ്ങളെ സർക്കാർ എതിർക്കുന്നില്ലെന്നും വഞ്ചനയും ഭീഷണിയും ഉപയോഗിച്ചുള്ള വിവാഹങ്ങള്‍ അനുവദിക്കില്ല എന്നതു മാത്രമാണ് നിലപാടെന്ന് നിയമമന്ത്രി കൗശിക് വെകാരിയയും പറഞ്ഞു.