ആഗോള കൊക്കോ കർഷകരെ ഞെട്ടിച്ച് ഉത്പന്ന വില ഇടിഞ്ഞു. ചോക്ലേറ്റ് വ്യവസായികളിൽനിന്നുള്ള ആവശ്യം കുറഞ്ഞത് തകർച്ച രൂക്ഷമാക്കുന്നു. ആഫ്രിക്കയിൽ ഉത്പാദനം ഉയരുമെന്ന സൂചനയാണ് 2024 ജനുവരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയിലേക്ക് കൊക്കോയെ എത്തിച്ചത്.
യൂറോപിൽ ചോക്ലേറ്റ് വില്പന കുറഞ്ഞെന്ന കാരണമുയർത്തിയാണ് വ്യവസായികൾ കൊക്കോ സംഭരണം കുറച്ചത്. ഉത്പാദനത്തിൽ മുന്നിലുള്ള എൈവറി കോസ്റ്റിൻെറ കയറ്റുമതി ഉയർന്നു. വിളവെടുപ്പിന് ഒരുങ്ങുന്ന അവസരത്തിൽ കയറ്റുമതി വർധിച്ചതിനാൽ അടുത്ത രണ്ടു മാസങ്ങളിൽ ചരക്കു ലഭ്യത കൂടാം. ന്യൂയോർക്കിൽ കൊക്കോ ടണ്ണിനു 3981 ഡോളറിലേയ്ക്ക്താഴ്ന്നു.
കഴിഞ്ഞ ജനുവരിയിൽ വില 9000 ഡോളറായിരുന്നു. യുറോപ്പിലും ഏഷ്യയിലും കൊക്കോ സംസ്കരണ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. മദ്ധ്യകേരളത്തിൽ പച്ച കൊക്കോ കിലോ 140 രൂപയിലും പരിപ്പ് 380 രൂപയിലുമാണ്.
റബറിനു മുന്നേറ്റം
ആഗോള വിപണിയിൽ റബർ മുന്നേറി. ക്രൂഡ് ഓയിൽ വിലയിലെ ഉണർവും വിനിമയ വിപണിയിൽ ജാപ്പാനീസ് നാണയത്തിന് നേരിട്ട തളർച്ചയും വിദേശ നിക്ഷേപകരെ റബറിലേയ്ക്ക് അടുപ്പിച്ചു. നിക്ഷേപകർ അവധി വ്യാപാരത്തിൽ കാണിച്ച ഉത്സാഹം ഉത്പന്നം നേട്ടമാക്കി.
ജപ്പാനിൽ അവധി വില 10 മാസത്തെ ഉയർന്ന നിരക്കായ 360 യെന്നിലെത്തി. ലാഭമെടുപ്പിന് ഒരു വിഭാഗം ഇടപാടുകൾ തിടുക്കം കാണിച്ചത് വ്യാപാരാന്ത്യം റബറിനെ അല്പം തളർത്തി. ബാങ്കോക്കിൽ റബർ 201 രൂപയിലേയ്ക്ക് ഉയർന്നെങ്കിലും ചൈനീസ് വ്യവസായികളിൽനിന്നുള്ള പിന്തുണ കുറവായിരുന്നു. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ 200 രൂപയായി ഉയർന്നു.
നാളികേരം വിളവെടുപ്പിന്
നാളികേര മേഖല വിളവെടുപ്പ് പരമാവധി വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ്. കൊപ്രയുടെ വ്യാവസായിക ആവശ്യം ചുരുങ്ങിയത് തുടർച്ചയായ ദിവസങ്ങളിൽ വിലയെ പിന്നോട്ടടിച്ചു. തമിഴ്നാട്ടിൽ കൊപ്ര വില 17,050 ലേയ്ക്ക് ഇടിഞ്ഞു. കൊച്ചിയിൽ വെളിച്ചെണ്ണ 30,200 കൊപ്ര വില 18,350.
കുരുമുളക് പ്രതീക്ഷയിൽ
മലയോര മേഖലകളിൽ കുരുമുളക് വിളവെടുപ്പിന് ചെറുകിട കർഷകർ ഉത്സാഹിക്കുന്നു. പരമാവധി വേഗത്തിൽ സംസ്കരണം നടത്തി ചരക്കു വില്പനയ്ക്ക് ഇറക്കാനുള്ള കർഷകരുടെ നീക്കത്തെ വാങ്ങലുകാർ ഉറ്റ് നോക്കുകയാണ്. നാടൻ കുരുമുളകിന് ക്ഷാമമുള്ളതിനാൽ ഉയർന്ന വില ഉറപ്പ് വരുത്താനാവുമെന്ന വിശ്വാസത്തിലാണ് ഹൈറേഞ്ചിലെ കർഷകർ. അൺ ഗാർബിൾഡ് മുളക് വില 700 ന് മുകളിൽ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് ഉൽപാദകർ.
ജാതിക്ക ഉയർന്ന വിലയിൽ
അറബ് രാജ്യങ്ങളിൽനിന്നുള്ള അന്വേഷണങ്ങൾക്കൊപ്പം ഉത്തരേന്ത്യൻ വ്യവസായികളും ജാതിക്കയിൽ കാണിച്ച താത്പര്യം വില ഉയർത്തുന്നു. വിപണികളിൽ ചരക്ക് വരവ് വാങ്ങലുകാരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ല. ജാതിക്ക തൊണ്ടൻ 330 രൂപ വരെ ഉയർന്നപ്പോൾ പരിപ്പ് കിലോ 650-680 രൂപയിലെത്തി.
ഏലക്ക പ്രതീക്ഷ മങ്ങി
ഏലക്ക ലേലത്തിൽ ആഭ്യന്തര വിദേശ വാങ്ങലുകാരുടെ പിൻതുണ ലഭ്യമായിട്ടും ഉത്പാദകരുടെ പ്രതീക്ഷയ്ക്ക് ഒത്ത വില ഉറപ്പ് വരുത്താനായില്ല. പതിവിൽനിന്നു മാറി ലേലത്തിനുള്ള ചരക്കുവരവു കുറഞ്ഞതു വിലക്കയറ്റത്തിന് വഴിതെളിക്കുമെന്നാണു കാർഷിക മേഖല കണക്കു കൂട്ടിയത്. എന്നാൽ വാങ്ങലുകാർ കരുതലോടെ നീങ്ങി.