അടിമാലി: ദക്ഷിണേന്ത്യയിലെ പ്രഥമ ആർച്ച് പാലമായ എറണാകുളം - ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലം കേരളത്തിലെ ആദ്യ ഉരുക്കുപാലമായി മാറുന്നു. കേരളത്തിലെ ആദ്യ ഉരുക്ക് നിർമിത വളഞ്ഞ കമാനമുള്ള പാലമായാണ് നേര്യമംഗലം പാലത്തെ മാറ്റുന്നത്.
ദേശീയപാത 85ന്റെ നിർമാണത്തോടൊപ്പമാണ് പാലത്തിന്റെ നിർമാണവും നടക്കുന്നത്. പാലം നിർമാണം ഓഗസ്റ്റിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയ ആർച്ച് പാലത്തിന് സമാനമായാണ് പുതിയ പാലവും നിർമിക്കുന്നത്. 42 മീറ്റർ നീളത്തിൽ അഞ്ചു സ്പാനുകളിലായി 214 മീറ്റർ നീളത്തിലുള്ള പാലം 13 മീറ്റർ വീതിയിലാണ് പൂർത്തിയാക്കുന്നത്. ഇതിൽ എട്ടു മീറ്റർ വീതി വാഹനങ്ങൾക്ക് കടന്നുപോകുന്നതിനാണ്. ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാകും.
പഴയ പാലത്തിന് നാലു മീറ്റർ വീതിയാണുള്ളത്. മൂന്നു ബോ സ്ട്രിംഗ് സ്റ്റീൽ ആർച്ച് ഘടിപ്പിക്കുന്ന ജോലി ഇനി പൂർത്തീകരിക്കാനുണ്ട്. അടുത്ത ദിവസങ്ങളിലായി നാല് , അഞ്ച്, സ്പാനുകളിലെ ആർച്ച് ഘടിപ്പിക്കൽ പൂർത്തീകരിക്കും. പാലത്തിൽ പാകിയിട്ടുള്ള സ്റ്റീൽ പ്രതലത്തിൽ കോൺക്രീറ്റ് പ്രവൃത്തികൂടി പൂർത്തീകരിച്ചാൽ അന്തിമഘട്ട പണികൾ മാത്രമേ ബാക്കിയുള്ളൂ. 2027 മാർച്ച് വരെ കരാർ കമ്പനിക്ക് കാലാവധി ദീർഘിപ്പിച്ച് നൽകിയിട്ടുണ്ടെങ്കിലും ഓഗസ്റ്റിൽത്തന്നെ പണി പൂർത്തിയാകുംവിധത്തിലാണ് നിർമാണം പുരോഗമിക്കുന്നത്.