മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദത്തിലെ രണ്ടാം സെമിയിൽ അത്ലറ്റിക്കോ മഡ്രിഡും ആഴ്സണലും (1-1) സമനിലയിൽ പിരിഞ്ഞു. അത്ലറ്റിക്കോയുടെ ഹോംഗ്രൗണ്ടായ മാഡ്രിഡിലെ റിയാദ് എയർ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകളും പെനാൽറ്റിയിലൂടെയാണ് പിറന്നത്.
മത്സരത്തിന്റെ 44-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് വിക്ടർ ഗോക്കരെസാണ് ആഴ്സണലിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ അത്ലറ്റിക്കോ ശക്തമായി തിരിച്ചുവന്നു. 56-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഹൂലിയൻ ആൽവരസ് സമനില പിടിച്ചു. തുടർന്നും ഇരുവരും ആക്രമിച്ച് കളിച്ചെങ്കിലും ഗോളുമാത്രം പിറന്നില്ല.
സമനിലയോടെ ഈ സീസണിൽ തോൽവി അറിയാതെയുള്ള ആഴ്സണലിന്റെ കുതിപ്പ് തുടരുകയാണ്. തുടർച്ചയായ 13 മത്സരങ്ങളിൽ അവർ തോൽവി അറിഞ്ഞിട്ടില്ല. ആദ്യപാദ സെമി സമനിലയിൽ പിരിഞ്ഞതോടെ ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ മേയ് ആറിന് നടക്കുന്ന രണ്ടാംപാദ സെമി ജേതാക്കൾ ഫൈനൽ ടിക്കറ്റ് ഉറപ്പിക്കും.
നേരത്തെ പാരീസിൽ നടന്ന ബയേൺ - പിഎസ്ജി ആദ്യപാദ സെമി പോരിൽ പിഎസ്ജിക്കായിരുന്നു ജയം. ഇഞ്ചോടിഞ്ച് മത്സരത്തിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു പിഎസ്ജിയുടെ ജയം.