Sports
ക്വീൻസ് ലാൻഡ്: ഇന്ത്യയ്ക്കെതിരായ ട്വന്റി-20യിൽ ഓസ്ട്രേലിയയ്ക്ക് 168 റണ്സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റണ്സെടുത്തു.
ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഒരുക്കിയത്. 21 പന്തിൽ 28 റണ്സെടുത്ത അഭിഷേകിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഗിൽ 39 പന്തിൽ 46 റണ്സെടുത്തു. ഗില്ലാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ.
ശിവം ദുബെ 22 റണ്സും സൂര്യകുമാർ യാദവ് 20 റണ്സും നേടി. അക്സർ പട്ടേൽ പുറത്താകാതെ 11 പന്തിൽ 21 റണ്സെടുത്തു.
ഓസ്ട്രേലിയയ്ക്കായി നഥാൻ എല്ലിസും ആദം സാന്പയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Sports
ഹൊബാർട്ട്: ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയ്ക്ക് 187 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി.
മാർക്കസ് സ്റ്റോയിനസ് (64), ടിം ഡേവിഡ് (74) എന്നിവരുടെ മിന്നും അർധ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. എട്ട് ഫോറും അഞ്ച് സിക്സും പറത്തിയ ഡേവിഡ് 38 പന്തിലാണ് 74 റൺസ് അടിച്ചുകൂട്ടിയത്. സ്റ്റോയിനസ് എട്ട് ഫോറും രണ്ട് സിക്സും ഉൾപ്പടെ 39 പന്തുകൾ നേരിട്ട് 64 റൺസ് നേടി. 15 പന്തിൽ 26 റൺസ് നേടി പുറത്താകാതെ നിന്ന മാത്യൂ ഷോട്ടും തിളങ്ങി.
ഓപ്പണർ ട്രാവിസ് ഹെഡ് (6), വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിഷ് (1), മിച്ചൽ ഓവൻ (0), മിച്ചൽ മാർഷ് (11) എന്നിവർക്ക് തിളങ്ങാനായില്ല. ഇന്ത്യയ്ക്കായി അർഷദീപ് സിംഗ് മൂന്നും വരുൺ ചക്രവർത്തി രണ്ടും വിക്കറ്റുകൾ നേടി.
സഞ്ജു സാംസൺ ഉൾപ്പടെ മൂന്ന് പേരെ അന്തിമ ഇലവനിൽ നിന്നും ഒഴിവാക്കിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. കുൽദീപ് യാദവ്, ഹർഷിദ് റാണ എന്നിവർക്കും ടീമിലെ സ്ഥാനം നഷ്ടമായി.
വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയാണ് ഇന്ന് കളിക്കുന്നത്. അർഷദീപ് സിംഗും വാഷിംഗ്ടൺ സുന്ദറും അന്തിമ ഇലവനിൽ തിരിച്ചെത്തി. ഓസീസ് നിരയിലും ഒരു മാറ്റമുണ്ട്. പേസർ ജോഷ് ഹേസിൽവുഡിന് പകരം സീൻ അബോട്ട് ടിമിലെത്തി.
പരമ്പരയിലെ രണ്ടാം മത്സരം ജയിച്ച ഓസീസ് 1-0 എന്ന നിലയിൽ മുന്നിലാണ്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
Sports
ബിർമിംഗ്ഹാം: ഫീൽഡിംഗിൽ ദുരന്തമായവരെ മൈതാനത്ത് എവിടെ എങ്കിലും 'ഒളിപ്പിച്ചു' നിർത്തുക എന്നത് നാട്ടിൻപുറങ്ങളിലെ തന്ത്രങ്ങളിൽ ഒന്നാണ്. പാരന്പര്യമായി കൈമാറുന്ന ഈ തന്ത്രമാണ് ടീം ഇന്ത്യ ഇപ്പോൾ പരീക്ഷിക്കുന്നത്. ഇംഗ്ലണ്ടിന് എതിരായ ഇന്ത്യയുടെ ഒന്നാം ടെസ്റ്റിൽ ഫീൽഡിൽ ദുരന്തമായ യുവതാരം യശസ്വി ജയ്സ്വാളിനെ മൈതാനത്ത് എങ്ങനെ ഒളിപ്പിക്കാം എന്നതാണ് ഇപ്പോഴത്തെ പരിശീലനം.
ലീഡ്സ് ടെസ്റ്റില് നാല് ക്യാച്ച് നഷ്ടപ്പെടുത്തി, തോല്വിയുടെ മുഖ്യകാരണക്കാരനായ യുവ ഓപ്പണര് യശസ്വി ജയ്സ്വാളിനെ സ്ലിപ്പ് ഫീല്ഡില്നിന്ന് പുറത്താക്കി ഇന്ത്യന് ടീം മാനേജ്മെന്റ്. ടീം ഇന്ത്യ നടത്തിയ ഫീല്ഡിംഗ് പരിശീലനത്തില് ജയ്സ്വാളിനെ സ്ലിപ്പിന്റെ പരിസരത്തെങ്ങും ഉപയോഗിച്ചില്ല. സ്ലിപ്പ് ക്യാച്ചിംഗ് പരിശീലനത്തിനു പുറത്തായിരുന്നു ജയ്സ്വാളിനെ ടീം മാനേജ്മെന്റ് പരീക്ഷിച്ചത്.
സില്ലി പോയിന്റ്/ഷോര്ട്ട് ലെഗ് പൊസിഷനുകളിലായിരുന്നു ജയ്സ്വാളിന്റെ പരിശീലനം. ലീഡ്സിലെ പിഴവുകള്ക്കുള്ള ശിക്ഷയായി ഇതിനെ കരുതാം. ലീഡ്സില് മാത്രമല്ല, ഓസ്ട്രേലിയന് പര്യടനത്തില് മെല്ബണ് ടെസ്റ്റിലും ജയ്സ്വാള് നിര്ണായക ക്യാച്ചുകള് നഷ്ടപ്പെടുത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരേ എജ്ബാസ്റ്റണില് ജൂലൈ രണ്ടിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് ക്രിക്കറ്റില് ജയ്സ്വാളിനു പകരം സായ് സുദര്ശന്, നിതീഷ് കുമാര് റെഡ്ഡി എന്നിവരില് ഒരാളായിരിക്കും ഫോര്ത്ത് സ്ലിപ്പ്-ഗള്ളി പൊസിഷനില് ഫീല്ഡ് ചെയ്യുക. ടീം ഇന്ത്യയുടെ ഫീല്ഡിംഗ് പരിശീലന സെഷനില്, ഫസ്റ്റ് സ്ലിപ്പില് കരുണ് നായര് ആയിരുന്നു.
സെക്കന്ഡ് സ്ലിപ്പില് കെ.എല്. രാഹുലും തേര്ഡ് സ്ലിപ്പില് ക്യാപ്റ്റന് ശുഭ്മാന് ഗില്ലും പരിശീലനം നടത്തി. ലീഡ്സില് ഫോര്ത്ത് സ്ലിപ്പ്-ഗള്ളിയില് ജയ്സ്വാളായിരുന്നു. അതിനു പകരം സായ് സുദര്ശന്, നതീഷ് കുമാര് റെഡ്ഡി എന്നിവരാണ് ഈ പൊസിഷനില് ഫീല്ഡിംഗ് പരിശീലനം നടത്തിയത്.
ലീഡ്സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില് യശസ്വി ജയ്സ്വാള് 101 റണ്സുമായി തിളങ്ങിയിരുന്നു. മത്സരത്തില് നാല് ക്യാച്ചാണ് താരം വിട്ടു കളഞ്ഞത്. ടെസ്റ്റ് ചരിത്രത്തില് ഒരു മത്സരത്തില് ഏറ്റവും കൂടുതല് ക്യാച്ച് കളയുന്ന ഇന്ത്യക്കാരന് എന്ന നാണക്കേടിന്റെ റിക്കാര്ഡിനൊപ്പവും അന്ന് ജയ്സ്വാള് എത്തിയിരുന്നു.
ഇന്ത്യയുടെ ഓസ്ട്രേലിയന് പര്യടനത്തിലെ മെല്ബണ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സ് മുതലുള്ള കണക്കുകള് പരിശോധിച്ചാല്, എടുത്ത റണ്സിനേക്കാള് കൂടുതൽ റൺസ് ക്യാച്ച് കളഞ്ഞ് ജയ്സ്വാള് വഴങ്ങാന് കാരണക്കാരനായതായി കാണാം.
മെല്ബണ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സ് മുതല് ലീഡ്സ് വരെയായി അഞ്ച് ഇന്നിംഗ്സ് ജയ്സ്വാള് കളിച്ചു. അഞ്ച് ഇന്നിംഗ്സിലായി താരം നേടിയത് 221 റണ്സ്. നിലത്തിട്ടത് ഏഴ് ക്യാച്ച്. ഏഴ് ക്യാച്ച് നഷ്ടപ്പെടുത്തിയതിലൂടെ ഇന്ത്യക്കുള്ള അധിക ബാധ്യത 229 റണ്സും. നേടിയതിനേക്കാള് ക്യാച്ച് നഷ്ടപ്പെടുത്തി റണ്സ് വഴങ്ങി എന്നു ചുരുക്കം.
മാത്രമല്ല, ന്യൂസിലന്ഡ്-ഓസ്ട്രേലിയ-ഇംഗ്ലണ്ട് ടീമുകള്ക്ക് എതിരേ അവസാനം കളിച്ച ഒമ്പത് ടെസ്റ്റിലായി 11 ക്യാച്ച് ജയ്സ്വാള് നഷ്ടപ്പെടുത്തി, നേടിയത് ഏഴ് ക്യാച്ച് മാത്രം!
Sports
ബിർമിംഗ്ഹാം: ലീഡ്സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ, ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റിൽ കളിക്കാൻ സാധ്യത കുറവ്. ജൂലൈ രണ്ടിന് ബിർമിംഗ്ഹാമിലെ എജ്ബാസ്റ്റൺ സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് പോരാട്ടം.
ഇന്ത്യൻ ടീമിന്റെ പരിശീലന സെഷനുകളിൽ ജസ്പ്രീത് ബുംറ പങ്കെടുത്തിരുന്നെങ്കിലും രണ്ടാം ടെസ്റ്റിൽ കളിക്കാനുള്ള സാധ്യത ഇല്ല. വർക്ക്ലോഡ് പരിഗണിച്ച് അഞ്ച് മത്സര പരന്പരയിലെ മൂന്നു മത്സരങ്ങളിൽ മാത്രമേ ബുംറ കളിക്കുകയുള്ളൂ എന്ന് നേരത്തേ ബിസിസിഐ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.
ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിൽ കളിക്കാനുള്ള അവസരം പേസർ അർഷദീപ് സിംഗിനു ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്താനുള്ള അവസരമാണ് അർഷദീപിനു വന്നുചേർന്നിരിക്കുന്നത്.
പ്ലേയിംഗ് ഇലവനില് ബുംറ ഉണ്ടാകുമോ എന്നതു സംബന്ധിച്ച കൃത്യമായ വിവരം നല്കാന് ടീം മാനേജ്മെന്റ് തയാറായില്ല. ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാന് ടെന്ഡോഷെയുടെ വാക്കുകള് ഇങ്ങനെ: ടീം തെരഞ്ഞെടുപ്പില് ബുംറ ഉണ്ടാകും. എന്നാല്, മത്സരം കളിക്കുമോ എന്നതില് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.
അതേസമയം, ഇന്ത്യയുടെ പേസ് ഓള്റൗണ്ടര് സ്ഥാനത്തേക്ക് നിതീഷ് കുമാര് റെഡ്ഡി തിരിച്ചെത്തും എന്നാണ് വിവരം. പരിശീലന സെഷനുകളില് നിതീഷ് കുമാര് റെഡ്ഡിക്ക് കൃത്യമായ സ്ഥാനം നല്കിയായിരുന്നു ഇന്ത്യയുടെ നീക്കം. ലീഡ്സില് പേസ് ഓള് റൗണ്ടര് സ്ഥാനത്ത് ഇറങ്ങിയ ഷാര്ദുള് ഠാക്കൂറിനു പകരമാണ് നിതീഷ് കുമാര് പ്ലേയിംഗ് ഇലവനില് എത്തുക. ഓസ്ട്രേലിയന് പര്യടനത്തില് നിതീഷ് കുമാര് റെഡ്ഡി സെഞ്ചുറി നേടിയിരുന്നു.
ഇതുവരെ അഞ്ച് ടെസ്റ്റ് കളിച്ചിട്ടുണ്ട് 22കാരനായ ഈ ബാറ്റിംഗ് ഓള്റൗണ്ടര്. സ്പിന്നർ കുൽദീപ് യാദവ്, സ്പിൻ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.