Kerala
തലശേരി: പതിനാറുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചൊക്ലി സ്വദേശി സുഹൈലിനെയാണ് (38) മൈസൂരുവിൽ നിന്ന് കൊളവല്ലൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 24നാണ് പാനൂർ ചെറ്റക്കണ്ടിയിൽ വീട്ടുതടങ്കലിലായിരുന്ന കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചത്.
മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകക്കേസിലെ പ്രതിയാണ് പുല്ലൂക്കരയിലെ സുഹൈൽ. ഇയാൾ കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ആന്ധ്രാ പോലീസും ഇയാളെ അന്വേഷിക്കുന്നുണ്ട്.
കേസിൽ പേരാമ്പ്ര സ്വദേശികളായ ആത്മജ് (25), വസീം (25), ചൊക്ലി സ്വദേശി സുഹൈൽ എന്നിവർക്കെതിരെ ചേവായൂർ പോലീസ് കേസെടുത്ത് കൊളവല്ലൂർ പോലീസിന് കൈമാറുകയായിരുന്നു. മേയ് 15ന് രാത്രി 10.30നു കാറിൽ എത്തിയ സംഘം വീടിനു മുന്നിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പോലീസിനു ലഭിച്ച പരാതി.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെയാണ് പെൺകുട്ടി രാത്രിയിൽ വീടിനു മുന്നിൽ ഇറങ്ങിനിന്നത്. എന്നാൽ, കാറിലെത്തിയ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ചേവായൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തിരച്ചിൽ നോട്ടിസും പുറത്തിറക്കി. ഇതിനിടെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ടു. പെൺകുട്ടി തിരൂരിൽ വച്ച് സുഹൈലിനെ പരിചയപ്പെട്ടു. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് സുഹൈൽ പെൺകുട്ടിയെ കൊളവല്ലൂർ ചെറ്റക്കണ്ടിയിലെ വാടക വീട്ടിലെത്തിച്ചത്.
തുടർന്ന് വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു. നിരവധിപേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പോലീസിനു മൊഴി നൽകിയത്. നിലവിൽ ഏഴുപേർക്കെതിരെയാണ് കേസെടുത്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരി മരുന്ന് കടത്തുമായി ബന്ധമുള്ള സുഹൈൽ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തിയത്. പോലീസ് വരുന്നത് കണ്ട് വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. കോഴിക്കോട്ടു നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയാണിതെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു.
National
ഗുരുഗ്രാം: റോഡ് അപകടത്തിന് പിന്നാലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥനെ ആക്രമിക്കുകയും 30,000 രൂപ കൈമാറാൻ നിർബന്ധിക്കുകയും ചെയ്ത അഞ്ചുപേർ അറസ്റ്റിൽ. ഗുരുഗ്രാമിലാണ് സംഭവം.
ഫെബ്രുവരി 21 ന് രാത്രിയിലാണ് സംഭവം. സെക്ടർ അഞ്ചിൽ നിന്ന് സെക്ടർ 60 ലേക്ക് പോവുകയായിരുന്ന ആർമി മുൻ കേണൽ അനിൽ യാദവിന്റെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഫരീദാബാദ് റോഡിലെ വാതിക ചൗക്കിന് സമീപമായിരുന്നു അപകടമുണ്ടായത്.
സംഭവത്തിന് പിന്നാലെ കാറിൽ നിന്നുമിറങ്ങി വന്ന അനിൽ യാദവിനെ അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിൽ യാത്ര ചെയ്ത അഞ്ച് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇയാളെ നിലത്തിട്ട് ക്രൂരമായി ചവിട്ടി.
പ്രതികൾ ബിയർ കുപ്പികൾ ഉപയോഗിച്ച് അനിൽ യാദവിന്റെ കാറിന്റെ ഹെഡ്ലൈറ്റുകളും വിൻഡോ ഗ്ലാസുകളും തകർത്തു. തുടർന്ന് പ്രതികൾ അനിൽ യാദവിനെ ബലമായി അവരുടെ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു. എന്നാൽ, വാഹനം സ്റ്റാർട്ട് ആയില്ല. തുടർന്ന് നഷ്ടപരിഹാരമായി യുപിഐ വഴി 30,000 രൂപ അയക്കാൻ നിർബന്ധിക്കുകയും ചെയ്തു.
അനിൽ യാദവിന്റെ പരാതി പ്രകാരം ഗുരുഗ്രാമിലെ സെക്ടർ 50 പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗുരുഗ്രാമിൽ നിന്നാണ് പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്ത്.
രേവാരി ജില്ലയിലെ നിഗനിയവാസിൽ താമസിക്കുന്ന പങ്കജ് (23), രേവാരിയിലെ ബഗ്തല സ്വദേശി വികാസ് (21), രേവാരിയിലെ മസാനി സ്വദേശി നിഖിൽ (21), മഹേന്ദ്രഗഡ് ജില്ലയിലെ ഖേഡി തൽവാന സ്വദേശി സാഹിൽ (22), മഹേന്ദ്രഗഡിലെ ഖേഡി തൽവാനയിൽ നിന്നുള്ള അങ്കിത് കുമാർ (22) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളായ പങ്കജ്, സാഹിൽ, അങ്കിത് എന്നിവർ റെവാരിയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. വികാസ് ബിഎ രണ്ടാം വർഷ വിദ്യാർഥിയും നിഖിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയുമാണ്.
District News
കടയ്ക്കല്‍ : ഒൻപത് വയസുകാരനെ ടൂറിസ്റ്റ് ബസിനുള്ളില്‍ വച്ച് പ്രകൃതിവിരുദ്ധ ലൈഗികാതിക്രമത്തിന് വിധേയമാക്കിയ ബസ് ജീവനക്കാരന് കടയ്ക്കലിൽ അറസ്റ്റിലായി. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശിയായ റെജി (50) ആണ് അറസ്റ്റിലായത്.
വിവാഹയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇയാള്‍ കുട്ടിയെ ബസിനുള്ളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ഭയന്ന കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. തുടർന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി.
കേസെടുത്ത കടയ്ക്കല്‍ പോലീസ് പോക്സോ, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
ബസില്‍ തന്നെ പ്രതിയെ തടഞ്ഞു വച്ച് പോലീസിന് കൈമാറുകയുമായിരുന്നു. വൈദ്യപരിശോധന പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എന്നാല്‍ കേസിനാസ്പദമായ സംഭവം നടന്നത് ഇരവിപുരത്ത് ആയതിനാല്‍ ഇനിയുള്ള നടപടി ക്രമങ്ങള്‍ അവിടേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.
Kerala
പാലക്കാട്: ഫേസ്ബുക്കിൽ കമന്റിട്ടതിന്റെ പേരിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. ഒറ്റപ്പാലം വാണിയംകുളം പനയൂർ സ്വദേശി വിനേഷിന് മർദനമേറ്റ കേസിൽ സുർജിത്, ഹാരിസ്, കിരൺ എന്നിവരാണ് കോഴിക്കോട്ടു നിന്ന് പിടിയിലായത്.
സുർജിത്ത് ഡിവൈഎഫ്ഐ കൂനത്തറ മേഖലാ സെക്രട്ടറിയും ഹാരിസ് സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ്. കോയമ്പത്തൂർ - മംഗലാപുരം സെൻട്രൽ എക്സ്പ്രസിൽ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ വന്ന് ഇറങ്ങിയപ്പോഴാണ് മൂന്നുപേരും പിടിയിലായത്.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടേറിയറ്റ് അംഗമാണ് വിനേഷ്. ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി സി.രാകേഷിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നും രാകേഷ് ഉൾപ്പടെ മൂന്നുപേർ കൂടി അറസ്റ്റിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു.
രാകേഷിട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. എന്നാൽ സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.