കോഴിക്കോട്: പാളയത്ത് വച്ച് വയോധികനെ ആക്രമിച്ച് പേഴ്സും പണവും മോഷ്ടിച്ച പ്രതി മേരിക്കുന്ന് പൂളക്കടവ് സ്വദേശി പുതിയേടത്ത് വീട്ടില്‍ ബെന്നി ലോയ്ഡി (47)നെ കസബ പോലീസും സിറ്റി ക്രൈം സ്കോഡും ചേര്‍ന്ന് പോലീസ് പിടികൂടി.
ഈ മാസം ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതിന് പാളയം ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് നല്ലളം കൊളത്തറ സ്വദേശിയായ 58 കാരനെയാണ് ആക്രമിച്ച് 5000 രൂപയും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും മറ്റു രേഖകളുമടങ്ങിയ പേഴ്സ് പ്രതി തട്ടിപ്പറിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്.
പ്രതിക്കെതിരേ കോഴിക്കോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. മയക്കുമരുന്ന് സൂക്ഷിക്കല്‍, മയക്കുമരുന്ന് ഉപയോഗം, മോഷണം, പിടിച്ചുപറി, പൊതുസ്ഥലത്തുള്ള മദ്യപാനം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരില്‍ മുപ്പതിലേറെ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.