തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. പ്രശ്നം രൂപപ്പെട്ടത് മുതൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. ശിവൻകുട്ടിയുടെ കൂടി അഭിപ്രായം തേടി വാട്ടർ അതോറിറ്റി എംഡി, ജോയിന്റ് എംഡി എന്നിവരെ ഉൾപ്പെടുത്തി നിരവധി യോഗങ്ങൾ വിളിച്ചു ചേർത്തുവെന്നും കോർപറേഷനും വാട്ടർ അതോറിറ്റിയും സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും റോഷി പറഞ്ഞു.
"തിരുവനന്തപുരം മേയറുമായി വിഷയം സംസാരിച്ചു. പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ കൺട്രോൾ തുറന്നിട്ടുണ്ട്. ഓരോ സെക്ഷൻ ഓഫീസും കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കുടിവെള്ളത്തിൽ രാഷ്ട്രീയം കലർത്താൻ എൽഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ, നഗരസഭാ പ്രദേശത്ത് കുടിവെള്ള വിതരണത്തിൽ ഈ വർഷം ചില വീഴ്ചകൾ ഉണ്ടായിട്ടുള്ളതായി സംശയിക്കുന്നെന്ന് ചൂണ്ടികാട്ടി ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് മേയർ വി.വി രാജേഷ് കത്ത് നൽകിയിരുന്നു. ഓരോ മേഖലയിലേക്കുമുള്ള വാൽവുകൾ തുറക്കുന്നതിൽ ഉൾപ്പെടെ ആസൂത്രിത ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായാണ് മേയർ കത്തിൽ സൂചിപ്പിച്ചത്.
കഴിഞ്ഞ 10 ദിവസത്തിനിടയിൽ നഗരത്തിലെ പല ഭാഗത്തും കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവ്വമായ വീഴ്ച ഉള്ളതായി സംശയിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഫെബ്രുവരി മാസത്തിൽ നടന്ന കുടിവെള്ള വിതരണവും ഈ വർഷം ഫെബ്രുവരി മാസത്തിൽ നടന്ന കുടിവെള്ള വിതരണവും താരതമ്യം ചെയ്യുമ്പോൾ ഇത് മനസിലാകുമെന്നും മേയർ കത്തിൽ സൂചിപ്പിച്ചിരുന്നു.