Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Autos Flocking

Alappuzha

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​ക​ളും കൂ​ട്ട​ത്തോ​ടെ വ​ർ​ക്‌​ഷോ​പ്പു​ക​ളി​ലേ​ക്ക്‌

ഹ​രി​പ്പാ​ട്: പെ​ട്രോ​ളി​ലെ എ​ഥ​നോ​ൾ മി​ശ്രി​ത​ത്തി​ന്‍റെ അ​ള​വ് കൂ​ടി​യ​തോ​ടെ സാ​ധാ​ര​ണ​ക്കാ​രു​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും പ്ര​ത്യേ​കി​ച്ച് അ​ല്പം പ​ഴ​ക്ക​മു​ള്ള മോ​ഡ​ലു​ക​ൾ, കൂ​ട്ട​ത്തോ​ടെ വ​ഴി​യി​ലാ​കു​ന്നു. കാ​ർ​ബ​റേ​റ്റ​ർ അ​ട​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ൾ തു​രു​മ്പി​ച്ചും കേ​ടാ​യു​മു​ള്ള ത​ക​രാ​റു​ക​ളു​മാ​യി വ​ർ​ക്‌​ഷോ​പ്പു​ക​ളി​ൽ തി​ര​ക്കേ​റു​ക​യാ​ണ്. എ​ത്ര ത​വ​ണ കാ​ർ​ബ​റേ​റ്റ​ർ അ​ഴി​ച്ച് വൃ​ത്തി​യാ​ക്കി​യാ​ലും ദി​വ​സ​ങ്ങ​ൾ​ക്ക​കം വാ​ഹ​നം വീ​ണ്ടും പ​ണി​മു​ട​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ളു​മാ​ണ് വ​രു​ത്തി​വയ്​ക്കു​ന്ന​ത്.

എ​ഥ​നോ​ൾ ക​ല​ർ​ത്തി​യ പെ​ട്രോ​ളി​നെ​തി​രേ ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ന്ധ​ന​ത്തി​ന്‍റെ പോ​രാ​യ്മ​ക​ൾ സ​ർ​ക്കാ​ർ ത​ന്നെ സ​മ്മ​തി​ക്കു​ന്നു​ണ്ട്. പാ​സ​ഞ്ച​ർ കാ​റു​ക​ളി​ൽ 40,000 കി​ലോ​മീ​റ്റ​റും ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ളി​ൽ 20,000 കി​ലോ​മീ​റ്റ​റും ഓ​ടി​ച്ച് ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ധ​ന വി​ത​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കു​മ്പോ​ഴും വ​ണ്ടി​ക​ളു​ടെ മൈ​ലേ​ജ് കു​റ​യു​മെ​ന്ന വാ​ദം മ​ന്ത്രാ​ല​യം ശ​രി​വച്ചി​ട്ടു​ണ്ട്.

വാ​ഹ​ന​ങ്ങ​ളു​ടെ ലോ​ഹ, പ്ലാ​സ്റ്റി​ക് ഭാ​ഗ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും ഇ​ന്ധ​ന സി​സ്റ്റ​ത്തി​ലെ റ​ബ​ർ ഭാ​ഗ​ങ്ങ​ൾ സാ​ധാ​ര​ണ​യേ​ക്കാ​ൾ നേ​ര​ത്തെ ത​ന്നെ മാ​റ്റേ​ണ്ടി വ​ന്നേ​ക്കാ​മെ​ന്ന് മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

എ​ഥ​നോ​ളി​ന്‍റെ തീ​വ്ര​ത കാ​ര​ണം ഫ്യു​വ​ൽ പൈ​പ്പു​ക​ളും വാ​ഷ​റു​ക​ളും വേ​ഗ​ത്തി​ൽ ന​ശി​ക്കു​ന്ന​താ​യി മെ​ക്കാ​നി​ക്കു​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഇ​ന്ത്യ​ൻ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ഈ ​എ​ഥ​നോ​ൾ ക​ല​ർ​ന്ന പെ​ട്രോ​ൾ ത​ങ്ങ​ൾ​ക്കു വേ​ണ്ടെ​ന്നും സാ​ധാ​ര​ണ പെ​ട്രോ​ൾ മ​തി​യെ​ന്നും അ​യ​ൽ​രാ​ജ്യ​മാ​യ ഭൂ​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തും ഈ ​ഇ​ന്ധ​ന​ത്തി​ന്‍റെ പോ​രാ​യ്മ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്.

ഇ​പ്പോ​ൾ വി​പ​ണി​യി​ലി​റ​ങ്ങു​ന്ന ഏ​റ്റ​വും പു​തി​യ വാ​ഹ​ന​ങ്ങ​ളി​ൽ 20 ശ​ത​മാ​നം എ​ഥ​നോ​ൾ മി​ശ്രി​തം ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ്ര​ത്യേ​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ക​മ്പ​നി​ക​ൾ ഒ​രു​ക്കു​ന്നു​ണ്ട്. അ​വ​യു​ടെ ഫ്യു​വ​ൽ പ​മ്പു​ക​ളും എ​ൻ​ജി​ൻ ഭാ​ഗ​ങ്ങ​ളും ഈ ​ഇ​ന്ധ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, നി​ര​ത്തു​ക​ളി​ലോ​ടു​ന്ന ഭൂ​രി​ഭാ​ഗം സാ​ധാ​ര​ണ​ക്കാ​രു​ടെ​യും വാ​ഹ​ന​ങ്ങ​ൾ ഇ​ത്ത​രം അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ വ​രു​ന്ന​തി​ന് മു​ൻ​പി​റ​ങ്ങി​യ​വ​യാ​ണ്.

ഉ​യ​ർ​ന്ന എ​ഥ​നോ​ൾ മി​ശ്രി​തം താ​ങ്ങാ​ൻ ശേ​ഷി​യി​ല്ലാ​ത്ത ഇ​ത്ത​രം പ​ഴ​യ മോ​ഡ​ൽ ബൈ​ക്കു​ക​ളും സ്കൂ​ട്ട​റു​ക​ളു​മാ​ണ് ഇ​പ്പോ​ൾ കൂ​ട്ട​ത്തോ​ടെ പ​ണി​മു​ട​ക്കു​ന്ന​ത്. എ​ഥ​നോ​ളി​ന് അ​ന്ത​രീ​ക്ഷ​ത്തി​ലെ ഈ​ർ​പ്പം വേ​ഗ​ത്തി​ൽ വ​ലി​ച്ചെ​ടു​ക്കാ​നു​ള്ള ശേ​ഷി​യു​ള്ള​തി​നാ​ൽ, വാ​ഹ​നം കു​റ​ച്ചു​ദി​വ​സം ഓഫാകാ​തി​രു​ന്നാ​ൽ പെ​ട്രോ​ളും വെ​ള്ള​വും വേ​ർ​തി​രി​ഞ്ഞ് ടാ​ങ്കി​ൽ അ​ടി​ഞ്ഞ് കാ​ർ​ബ​റേ​റ്റ​റി​ൽ ക​ട്ട​പി​ടി​ച്ച് തു​രു​മ്പെ​ടു​ക്കു​ന്ന​താ​ണ് പ്ര​ധാ​ന വി​ല്ല​ൻ.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ മൂ​ന്ന് ത​വ​ണ​യാ​ണ് ബൈ​ക്ക് വ​ഴി​യി​ൽ കി​ട​ന്ന​തെ​ന്നും ഓ​രോ ത​വ​ണ​യും നാ​നൂ​റോ​ളം രൂ​പ ന​ൽ​കി കാ​ർ​ബ​റേ​റ്റ​ർ ക്ലീ​ൻ ചെ​യ്യി​ച്ചി​ട്ടും ഒ​രാ​ഴ്ച ക​ഴി​യു​മ്പോ​ൾ വീ​ണ്ടും വ​ണ്ടി സ്റ്റാ​ർ​ട്ടാ​കാ​താ​കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും ഒ​രു നി​ത്യ​യാ​ത്ര​ക്കാ​ര​ൻ പ​റ​യു​ന്നു. ഒ​ടു​വി​ൽ മൂ​വാ​യി​ര​ത്തി​ല​ധി​കം രൂ​പ ചെല​വ​ഴി​ച്ച് പു​തി​യ കാ​ർ​ബ​റേ​റ്റ​ർ മാ​റ്റേ​ണ്ടി വ​ന്ന​താ​യും കൃ​ത്യ​സ​മ​യ​ത്ത് ജോ​ലി​ക്ക് എ​ത്താ​ൻ ക​ഴി​യാ​ത്ത​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബൈ​ക്കു​ക​ളെ മാ​ത്ര​മ​ല്ല, സാ​ധാ​ര​ണ​ക്കാ​ർ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​ക്കു​ന്ന പെ​ട്രോ​ൾ ഓ​ട്ടോ​റി​ക്ഷ​ക​ളെ​യും ഈ ​ഇ​ന്ധ​ന​പ്ര​ശ്നം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്. ഒ​രു ദി​വ​സം വ​ണ്ടി പ​ണി​മു​ട​ക്കി​യാ​ൽ ആ ​കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​ന​മാ​ണ് ഇ​ല്ലാ​താ​കു​ന്ന​ത്. അ​ല്പം പ​ഴ​ക്ക​മു​ള്ള കാ​റു​ക​ളു​ടെ ഇ​രു​മ്പ് ഇ​ന്ധ​ന ടാ​ങ്കു​ക​ൾ​ക്കു​ള്ളി​ൽ എ​ഥ​നോ​ൾ കാ​ര​ണം വേ​ഗ​ത്തി​ൽ തു​രു​മ്പ് ക​യ​റു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഈ ​തു​രു​മ്പ് ഇ​ന്ധ​ന പൈ​പ്പു​ക​ൾ വ​ഴി എ​ൻ​ജി​നി​ലേ​ക്ക് എ​ത്തു​മ്പോ​ൾ വ​ണ്ടി പൂ​ർ​ണ​മാ​യി പ​ണി​മു​ട​ക്കും.

പു​തി​യ മോ​ഡ​ൽ ബി​എ​സ്-6 വാ​ഹ​ന​ങ്ങ​ളി​ലെ വി​ല​കൂ​ടി​യ ഫ്യു​വ​ൽ പ​മ്പു​ക​ളെ​യും ഇ​ഞ്ച​ക്ട​റു​ക​ളെ​യും ഈ ​മ​ശ്രി​തം ബാ​ധി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം വ​ണ്ടി​ക​ളി​ലെ ഫ്യു​വ​ൽ പ​മ്പു​ക​ൾ പൂ​ർ​ണ​മാ​യി കേ​ടാ​യാ​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​പ്ര​തീ​ക്ഷി​ത ചെല​വാ​ണ് സാ​ധാ​ര​ണ​ക്കാ​രാ​യ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന​ത്.

Latest News

Corehub Up