ദോഹ: റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യ എയെ തകർത്ത് ബംഗ്ലാദേശ് എ ഫൈനലില്‍. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ സൂപ്പർ ഓവറിലാണ് ഇന്ത്യ വീണത്. സൂപ്പർ ഓവറിൽ ഇന്ത്യക്കായി ആദ്യ പന്ത് നേരിട്ട ജിതേഷ് ശര്‍മ ബൗള്‍ഡായി.
തൊട്ടടുത്ത പന്തില്‍ അഷുതോഷ് ശര്‍മയും പുറത്തായതോടെ ഇന്ത്യക്ക് സൂപ്പര്‍ ഓവറില്‍ റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. ഒരു റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാ കടുവകളെ ഇന്ത്യൻ കൗമാര നിര വിറപ്പിച്ചു.
സുയഷ് ശര്‍മയുടെ ആദ്യ പന്ത് കൂറ്റൻ അടിക്ക് ശ്രമിച്ച യാസിര്‍ അലിയെ ലോംഗ് ഓണില്‍ രമണ്‍ദീപ് സിംഗ് കൈയിലൊതുക്കി. എന്നാല്‍ അടുത്ത പന്ത് വൈഡായതോടെ ബംഗ്ലോദേശ് ഫൈനലിലേക്ക് കടന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. ഹബീബുര്‍ റഹ്മാന് സോഹന്റെ (65) ഇന്നിംഗ്സാണ് ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗില്‍ ഇന്ത്യയും ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇത്രയും റണ്‍സ് നേടി. 44 റണ്‍സ് നേടിയ പ്രിയാന്‍ഷ് ആര്യയാണ് ടോപ് സ്കോറര്‍. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക– പാക്കിസ്ഥാൻ മത്സരത്തിലെ എതിരാളികളെ ബംഗ്ലദേശ് നേരിടും.