തിരുവനന്തപുരം: വ്യാജ രേഖ ചമച്ച് സ്പായിൽ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികൾ ഉൾപ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലദേശ് സ്വദേശിനികളായ റുമ ചർണാഭ (21), റിമ ഷെയ്ഖ് (21) സ്ഥാപനത്തിന്റെ ഉടമകളായ തിരുവല്ലം സ്വദേശി നിഹു ഹുസൈൻ (29), ശാസ്താംകോട്ട സ്വദേശി ഹരികൃഷ്ണൻ (34) എന്നിവരാണ് അറസ്റ്റിലായത്.
ജഗതിയിലെ സ്പായില്‍ അനധികൃതമായി ഇവർ ജോലി ചെയ്യുന്നുണ്ടെന്ന് മ്യൂസിയം പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പാസ്പോർട്ടോ മറ്റ് അനുബന്ധ യാത്രാ രേഖകളോ മതിയായ തിരിച്ചറിയൽ കാർഡുകളോ ഇല്ലാതെയാണ് ഇവർ കേരളത്തിലെത്തിയത്.
ബംഗാൾ സ്വദേശികൾ എന്ന വ്യാജേന ജഗതിയിലെ സ്പായിൽ തെറാപിസ്റ്റുകളായി ജോലി ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയെ പ്രതികളെ റിമാൻഡു ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.