കോഴിക്കോട്: മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്യു നേതാവ് ബിതുല്‍ ബാലന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. ബോംബേറ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാണോ.
മുഖ്യമന്ത്രി ഇതിനു മറുപടി പറയണമെന്ന് ഷാഫി പറഞ്ഞു. ബോംബെറിഞ്ഞതിന് പിന്നിൽ സിപിഎമ്മാണെന്ന് എല്ലാവർക്കും അറിയാം. പോലീസ് ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. പോലീസ് സിപിഎമ്മിന്റെ പോഷക സംഘടനയാണോയെന്നും എംപി ചോദിച്ചു.
കോഴിക്കോട് വടകര തിരുവള്ളൂരുള്ള ബിതുൽ ബാലന്റെ വീട് ഷാഫി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കെഎസ്യു പ്രതിഷേധത്തിൽ പ്രവർത്തകരുടെ ഒരു നിഴൽപോലും മന്ത്രിയുടെ ശരീരത്തിൽ സ്പർശിച്ചിട്ടില്ലെന്ന് വ്യക്തമാണ്.
മന്ത്രിയുടെ കള്ളപ്രചാരണമാണ് പുലർച്ചെ ബിതുലിന്റെ വീട്ടിൽ നടന്ന ബോംബേറിന് കാരണമായത്. അക്രമം നടക്കുമ്പോൾ വീട്ടിൽ കിടന്നുറങ്ങിയിരുന്ന ബിതുലിന്റെ അമ്മയോട് ആരോഗ്യമന്ത്രിയ്ക്ക് എന്താണ് പറയാനുള്ളതെന്നും ഷാഫി ചോദിച്ചു.
മന്ത്രിയുടെ കഴുത്തിന് പിടിച്ച് തിരിക്കുന്ന ദൃശ്യങ്ങള്‍ എവിടെയാണ്. ഗണ്മാന് മന്ത്രിയുടെ കഴുത്ത് പിടിച്ച് തിരിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ക്കേണ്ടത് കെഎസ്യു പ്രവര്‍ത്തകരുടെ വീട്ടിലല്ല. എം.വി. ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം. അക്രമ സംഭവങ്ങളുടെ ഉത്തരവാദി എം.വി. ഗോവിന്ദനാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.