പൂന: മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവത്തിൽ പ്രതികളായ സിയ ഗോയലും ചേതൻ ചൗധരിയും പരസ്പരം മറ്റൊരാളുടെ തലയിൽ കുറ്റം കെട്ടിവയ്ക്കാൻ ശ്രമിക്കുന്നതായി പോലീസ് പറഞ്ഞു.
താൻ സിയയുമായി ഒളിച്ചോടാൻ മാത്രമാണ് ആഗ്രഹിച്ചതെന്നും കൊലപാതകത്തിന് നിർബന്ധിച്ചത് സിയയാണെന്നും ചേതൻ പോലീസിനോട് പറഞ്ഞു. എന്നാൽ സിയ ഇത് നിഷേധിച്ചു. കൊലപാതകം ചേതന്റെ ആശയമായിരുന്നുവെന്നും, ജൂൺ 14 ന് കേതനെ കൊലപ്പെടുത്താൻ നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ ചേതൻ തന്റെ മുൻപിൽ കരഞ്ഞതായും സിയ പറഞ്ഞു. എന്നാൽ, ലഭിച്ച തെളിവുകൾ പ്രകാരം ഈ കൊലപാതകത്തിന്റെ സൂത്രധാര സിയ തന്നെയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
ഇരുവരും ആദ്യം ഒളിച്ചോടി വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷമാണ് സിയയും ചേതനും പരിചയപ്പെടുന്നത്. പിന്നീട് ഇവർ അടുപ്പത്തിലായി. ഫെബ്രുവരിയിലായിരുന്നു കേതനുമായി സിയയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹം വേണ്ടെന്ന് സിയ പലതവണ കേതനോട് പറഞ്ഞിരുന്നുങ്കിലും അദ്ദേഹം സമ്മതിച്ചില്ലെന്ന് പോലീസ് പറയുന്നു. ഇതേ തുടർന്നാണ് ചേതനുമായി ചേർന്ന് കേതനെ കൊലപ്പെടുത്താൻ സിയ പോലീസ് പദ്ധതിയിട്ടത്.