നിലന്പൂർ: ആര്യാടൻ മുഹമ്മദിന്റെ പത്നി പി.വി. മറിയുമ്മയുടെ അനുഗ്രഹം വാങ്ങി വി.എസ്. ജോയ് തവനൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. തന്നെ രാഷ്ട്രീയ രംഗത്തേക്ക് കൈപിടിച്ച് ഉയർത്തിയ ആര്യാടൻ മുഹമ്മദിന്റെ നിലന്പൂരിലെ വസതിയിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് എത്തി അനുഗ്രഹം വാങ്ങുകയായിരുന്നു.
ഡിസിസി ജനറൽ സെക്രട്ടറി എം.കെ. ഹാരിസ് ബാബു, എടക്കര ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് തോപ്പിൽ ബാബു എന്നിവർക്ക് ഒപ്പമായിരുന്നു സന്ദർശനം. 10 മിനുട്ടോളം അവിടെ ചെലവഴിച്ച ജോയിയെ നെറ്റിയിൽ കൈവച്ച് മറിയുമ്മ അനുഗ്രഹിച്ചു.
തവനൂരിൽ വിജയം അവകാശപ്പെട്ട അദ്ദേഹം 10 വർഷത്തെ പിണറായി സർക്കാരിന് ഈ തെരഞ്ഞെടുപ്പോടെ അന്ത്യം കുറിക്കുമെന്നും പറഞ്ഞു. ജില്ലയിലെ 16 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും. തവനൂരിൽ ഉൾപ്പെടെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത് പോലെ വൻ ഭൂരിപക്ഷമുണ്ടാകുമെന്നും വി.എസ്. ജോയ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്നലെ രാവിലെ എടക്കര, ചുങ്കത്തറ എന്നിവിടങ്ങളിൽ എത്തി നേതാക്കളെ കണ്ട ജോയ് ചുങ്കത്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന ആര്യാടൻ ഷൗക്കത്തിനെയും കണ്ടാണ് തവനൂരിലേക്ക് പുറപ്പെട്ടത്.