പെരുവണ്ണാമൂഴി: കഴിഞ്ഞ ഒരു ദശകമായി മിനിമം കൂലി പോലും ലഭിക്കാതെ പൊതു മേഖല സ്ഥാപനമായ പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരളത്തിന്റെ കീഴിൽ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികൾ സ്ഥാപനത്തിന്റെ ഓണാഘോഷം ബഹിഷ്ക്കരിക്കും.
മതിയായ ബോണസ്, ലീവ് വിത്ത് വേജസ് മുതലായ ആനുകൂല്യങ്ങൾ ഓണത്തിനു മുമ്പ് കൊടുക്കാത്ത മാനേജ്മെന്റിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണം. ഇന്ന് നടക്കുന്ന സദ്യയുൾപ്പെടെയുള്ള ഓണാഘോഷ പരിപാടികൾ തൊഴിലാളികൾ ബഹിഷ്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റബറിന് ചരിത്രത്തിൽ ഇന്നേ വരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ വില ലഭിച്ചിട്ടും ടാപ്പിംഗ് തൊഴിലാളിയുടെ കൂലിയിലും ആനുകൂല്യങ്ങളിലും വർധനവ് വരുത്താത്തത് ഒട്ടും നീതീകരിക്കാനാവാത്തതാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ എസ്റ്റേറ്റ് തൊഴിലാളികൾക്ക് മുമ്പിൽ വച്ച് തന്ന വാഗ്ദാനങ്ങളൊന്നും തന്നെ പാലിക്കാൻ പേരാമ്പ്ര എംഎൽഎ തയാറായിട്ടില്ലെന്ന് എച്ച്എംഎസ് യോഗം ആരോപിച്ചു. യൂണിയൻ പ്രസിഡന്റ് കെ.ജി. രാമനാരായണൻ അധ്യക്ഷത വഹിച്ചു. വിജു ചെറുവത്തൂർ, കെ.ജെ. ജോഷി, സി.കെ. സുരേഷ്, കെ.കെ. സനോജ്, സിന്ധു മൈക്കിൾ, സി.എൻ. ബാബു, എൻ.എം. രമ, ജിമ്മി ജോർജ്, ഡാനിഷ് കൊമ്മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.