സുൽത്താൻ ബത്തേരി: നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മേഖലയ്ക്ക് മികച്ച മാതൃകയാണെന്നും കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാൻ വിവിധ യൂണിവേഴ്സിറ്റികളുടെ സേവനം ഉപയോഗപ്പെടുത്തി ഇന്റേണ്‍ഷിപ്പ് സൗകര്യം ഒരുക്കണമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി.
നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി ആൻഡ് വെൽനസ് സെന്ററിലെ ഉപകരണങ്ങൾ, സഖി വുമണ്‍ വെൽനസ് കോസ്മറ്റിക്സ് ഗൈനക്കോളജി പദ്ധതി ലോഗോ പ്രകാശനം, സോളാർ പ്ലാന്റ് സ്വിച്ച് ഓണ്‍ കർമം, ന്യൂട്രീഷൻ കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജനപ്രതിനിധിയെന്ന നിലയിൽ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും അതിൽ നിന്നെല്ലാം വ്യത്യസ്തമായ ചലനാത്മകമായിട്ടുള്ള ആരോഗ്യ സ്ഥാപനമാണ് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയോട് ചേർന്നുള്ള സർക്കാർ ഭൂമി ആശുപത്രി ആവശ്യത്തിനായി ലഭ്യമാക്കുന്നത് സംബന്ധിച്ച വിഷയത്തിൽ സാങ്കേതിക വശങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെയും നൂൽപ്പുഴ പഞ്ചായത്തിന്റെയും സഹകരണത്തോടെ 2025-2026 സാന്പത്തിക വർഷത്തെ തുക വിനിയോഗിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് 62.44 ലക്ഷം രൂപയുടെ ആധുനിക വൈദ്യുത ഉപകരണങ്ങളാണ് ഗവണ്മെന്റ് ഇ-മാർക്കറ്റ് പ്ലേസ് പോർട്ടൽ മുഖേന ലഭ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എഡിഎം കെ. അജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. അവറാൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സൽമ മോയിൻ, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ, വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ബെന്നി കൈനിക്കൽ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി. മജീദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.വി.പി. ദാഹർ മുഹമ്മദ്, ത്രിതല പഞ്ചായ്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.