മഞ്ചേരി: മഞ്ചേരിയ്ക്കടുത്ത് നറുകരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് പോളിടെക്നിക് വിദ്യാർഥി മരിച്ചു.
മലപ്പുറം മേൽമുറി അധികാരിത്തൊടി സ്വദേശി പറന്പൻ അബ്ദുള്ള എന്ന ബാപ്പുവിന്റെ മകൻ പറന്പൻ സൽമാനുൽ ഫാരിസ് (19) ആണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് മേൽമുറി ആലത്തൂർപടി പഴയതൊടി അനസ്(19) മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരം 4.45ഓടെയാണ് അപകടം. മഞ്ചേരിയിലേക്ക് വരികയായിരുന്ന സ്വകാര്യബസും ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഫാരിസിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി പോളിടെക്നിക് കോളജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്ലോമ ഒന്നാം വർഷ വിദ്യാർഥിയാണ്.
മാതാവ്: സുലൈഖ. സഹോദരങ്ങൾ: ഫാത്തിമ തസ്നി, ഇഖ്റാമുൽ ഹഖ്്, ഫർസാന. മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് കോണോംപാറ ജുമാ മസ്ജിദിൽ കബറടക്കും.