മെഡിക്കല്കോളജ്: കടയ്ക്കുള്ളില് സിസിടിവി കാമറകള് സ്ഥാപിച്ചതില് പ്രകോപിതനായ ജീവനക്കാരന് കടയിലെ ഉപകരണങ്ങള് അടിച്ചു തകര്ത്തു. കുമാരപുരത്ത് പ്രവര്ത്തിക്കുന്ന എംപയര് സലൂണ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അതിക്രമം കാട്ടിയത്.
ഉത്തര്പ്രദേശ് സ്വദേശി സമീറാണു കടയിലെ ഉപകരണങ്ങള് നശിപ്പിച്ചത്. ഇലക്ട്രോണിക് ഉപകരണങ്ങള് ഉള്പ്പെടെ ഇയാള് അടിച്ചു തകര്ക്കുകയായിരുന്നു. പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കടയുടമ നല്കിയ പരാതിയില് സമീറിനെതിരേ മെഡിക്കല്കോളജ് പോലീസ് കേസെടുത്തു.
ജീവനക്കാരന് സ്ഥലത്തുനിന്നു മുങ്ങുകയും ഒളിവില്പ്പോകുകയും ചെയ്തിരിക്കുകയാണ്. സമീര് കുറച്ചുമാസമായി സലൂണില് ജോലിചെയ്തു വരികയാണ്. ഇയാള് പണം മോഷ്ടിക്കുന്നുണ്ടോയെന്ന സംശയത്തിലാണ് സലൂണിനുള്ളില് ഉടമ കാമറകള് സ്ഥാപിച്ചത്. ഇതില് പ്രകോപിതനായാണ് പ്രതി അക്രമം നടത്തിയത്.
ഇന്റര്നെറ്റ് വൈഫൈ, സ്ഥാപിക്കപ്പെട്ട രണ്ടു സിസിടിവി കാമറകള്, അനുബന്ധ ഉപകരണങ്ങള്, കടയിലുണ്ടായിരുന്ന ടിവി, ഫര്ണിച്ചറുകള് എന്നിവയും നശിപ്പിച്ചി ട്ടുണ്ട്. ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് ഉടമ പറയുന്നത്. സമീറിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്ജ്ജിതമാക്കി.