എഫ് വണ്‍ (ഫോര്‍മുല വണ്‍) കാറോട്ടത്തില്‍ തുടര്‍ച്ചയായ നാലു തവണ ലോക ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയ ഡച്ച് സൂപ്പര്‍ ഡ്രൈവര്‍ മാക്സ് വെര്സ്റ്റപ്പന് വിരമിച്ചാല്‍ കുഴപ്പമില്ലെന്ന് എഫ്ഐഎ പ്രസിഡന്റ് മുഹമ്മദ് ബെന്‍ സുലൈം. ഇന്നലെ മയാമി ഗ്രാന്ഡ്പ്രിക്കു മുമ്പായാണ് എഫ്ഐഎ പ്രസിഡന്റ് ഇത്തരത്തില്‍ പ്രതികരിച്ചത്. “അയാള്‍ (വെര്സ്റ്റപ്പന്) പോയാല്‍ നമുക്കതു നഷ്ടംതന്നെയാണ്. നിരവധി താരങ്ങളും ടീമുകളും വന്നുംപോയും ഇരിക്കും. എങ്കിലും ഫോര്‍മുല വണ്‍ എക്കാലവും നിലനില്ക്കും’’- മുഹമ്മദ് ബെന്‍ സുലൈം പറഞ്ഞു.
വെര്സ്റ്റപ്പന് വിരമിക്കുമോ?
2026 എഫ് വണ്‍ സീസണ് മാറ്റങ്ങളുടെതായിരുന്നു. ഇലക്ട്രക്കല്‍ പവര്‍, കാറുകളുടെയും ടയറിന്റെയും വലിപ്പത്തില്‍ കുറവ് തുടങ്ങിയ വിപ്ലവകരമായ മാറ്റങ്ങളോടെയാണ് ഈ സീസണ് ആരംഭിച്ചത്. ഡ്രൈവറിന്റെ മികവിനേക്കാള്‍ സാങ്കേതികതയ്ക്കാണ് ഇപ്പോള്‍ എഫ് വണ്ണില്‍ പ്രാധാന്യം. ഫോര്‍മുല ഇ ക്വാളിറ്റിയിലേക്ക് എഫ് വണ്‍ മാറിയെന്നുമാണ് മാക്സ് വെര്‍സ്റ്റപ്പന്റെ കുറ്റപ്പെടുത്തല്‍.
അതുകൊണ്ട് 2026 സീസണിനുശേഷം എഫ് വണ്ണിനോട് വെര്സ്റ്റപ്പന് വിടപറയുമെന്നാണ് സൂചന. ജിടി3 പോലുള്ള റേസിംഗിലേക്ക് അദ്ദേഹം തിരിഞ്ഞേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
റെഡ്ബുള്‍ ഡ്രൈവറായ വെര്‍സ്റ്റപ്പന്റെ 2026 സീസണിലെ പ്രകടനം മോശമാണ്. 2021, 2022, 2023, 2024 സീസണുകളില്‍ ചാമ്പ്യനായ വെര്സ്റ്റപ്പന്, 2025ല്‍ രണ്ടാം സ്ഥാനത്തായി. 2026 സീസണിലെ ആദ്യ മൂന്നു ഗ്രാന്‍പ്രികള്‍ പൂര്‍ത്തിയായപ്പോള്‍ ഒമ്പതാം സ്ഥാനത്താണ് വെര്സ്റ്റപ്പന്.
മാറ്റങ്ങള്‍ക്കു മാറ്റം
ബാറ്ററി ഉപയോഗം അടക്കമുള്ള വമ്പന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നെങ്കിലും ഡ്രൈവര്‍മാര്‍ 2026 സീസണില്‍ പൂര്‍ണ സംതൃപ്തരല്ല. സ്ട്രെയ്റ്റ്സിന്റെ അവസാന ഭാഗങ്ങളില്‍ ബാറ്ററി തീരുന്നതോടെ കാറിന്റെ വേഗത പെട്ടെന്നു കുറയുന്നുണ്ട്. ബാറ്ററി പവര്‍ ലഭിക്കാന്‍ ഡ്രൈവേഴ്സ് ലിഫ്റ്റ് ആന്‍ഡ് കോസ്റ്റ് ഉപയോഗിക്കുന്നത് ക്വാളിഫയിംഗിന്റെ ക്വാളിറ്റി കുറയ്ക്കുന്നു. എനര്‍ജി സേവിംഗ് മോഡിലുള്ള കാറുകള്‍ വേഗത പെട്ടെന്ന് കുറയ്ക്കുന്നതിലൂടെ അപകടസാധ്യത വര്‍ധിച്ചത് ജാപ്പനീസ് ഗ്രാന്‍പ്രീയില്‍ വെളിപ്പെട്ടു. പുതിയ പരിഹാരമാര്‍ഗങ്ങള്‍ തേടുകയാണ് എഫ്ഐഎ.
ശ്രദ്ധേയ മാറ്റങ്ങള്‍
ചെറിയ കാറുകള്‍: കാറുകളുടെ വലിപ്പത്തില്‍ കുറവുണ്ടാകും. വീല്‍ബേസ് 3600 എംഎംല്നിന്ന് 3400ആയും വീതി 2000നിന്ന് 1900 എംഎം ആയും കുറച്ചു.
ഭാരം കുറച്ചു: കാറുകളുടെ കുറഞ്ഞ ഭാരം 800 കിലോഗ്രാമില്‍ നിന്ന് 770 ആക്കി.
പുതിയ എന്ജിന്: കൂടുതല്‍ ഹൈബ്രിഡ് പവര്‍ ഉപയോഗിക്കുന്ന പുതിയ തരം പവര്‍ യൂണിറ്റുകള്‍.
ആക്റ്റീവ് എയ്റോഡൈനാമിക്സ്: കാറുകളുടെ മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും ചിറകുകള് (വിംഗ്സ്) ഡ്രൈവര്‍മാര്‍ക്ക് ആവശ്യാനുസരണം മാറ്റാവുന്ന ആക്റ്റീവ് എയ്റോഡൈനാമിക് സംവിധാനം.
30% കുറഞ്ഞ ഡൗണ്‍ഫോഴ്സ്: കാറുകളുടെ ഡൗണ്‍ഫോഴ്സ് 30 % കുറയ്ക്കാനും ഡ്രാഗ് 55 % കുറയ്ക്കാനും തീരുമാനിച്ചു.
സുസ്ഥിര ഇന്ധനം: 100 % സുസ്ഥിരമായ ഇന്ധന ഉപയോഗം.
മാനുവല്‍ ഓവര്‍ടേക്കിംഗ് മോഡ്: മഗ്-കെ (എംജിയു-കെ) ഓവര്‍റൈഡ് മാനുവല്‍ സംവിധാനം. മുന്നിലുള്ള കാറിനെ ട്രാക്കില്‍ എവിടെവച്ചും മറികടക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് അവസരം.