ആലപ്പുഴ: കുഴിയെടുക്കവെ കപ്പലിന്റെ നങ്കൂരവും പീരങ്കിയോട് രൂപസാദൃശ്യമുള്ളതുമായ വസ്തുക്കളും കണ്ടെത്തി. എഫ്സിഐ ഗോഡൗൺ റോഡിൽ ജെസിബി ഉപയോഗിച്ച് കുഴിച്ചപ്പോഴാണ് നങ്കൂരവും പീരങ്കിയോട് സാദൃശ്യമുള്ള വസ്തുക്കളും കണ്ടെത്തിയത്.
വിവരം അറിയിച്ചതനുസരിച്ച് തുറമുഖ ഓഫീസർ സ്ഥലത്ത് എത്തി പരിശോധന നടത്തി. ഹാർബർ ക്യാനൻ വിഭാഗത്തിലുള്ള പീരങ്കിയാണെന്നും തീര സുരക്ഷയ്ക്കായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന മാതൃകയോട് സാദൃശ്യമുള്ളതുമാണെന്നാണ് തുറമുഖ വകുപ്പിന്റെ വിലയിരുത്തൽ.
നങ്കൂരം പഴയ കപ്പലുകളിൽ ഉപയോഗിച്ചിരുന്ന മാതൃകയിലുള്ളതാണ്. തുറമുഖ വകുപ്പ്, വിവരം സൗത്ത് പോലീസിൽ അറിയിച്ചു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം വസ്തുക്കൾ തുറമുഖ വകുപ്പിന് വിട്ടുകൊടുക്കും.