കൊച്ചി: മൂവാറ്റുപുഴയിൽ ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളിപടി ഭാഗത്ത് കോന്നംകുടി വീട്ടിൽ ആസിഫ് കെ. ഹസൻ (28)ആണ് പിടിയിലായത്.
മൂവാറ്റുപുഴയിൽ എടിഎമ്മിൽ പണം നിക്ഷേപിക്കാനെത്തിയ ആളിൽ നിന്ന് ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് 10,000 രൂപാ തട്ടിയെടുക്കുകയായിരുന്നു. ഒക്ടോബർ 14ന് ആണ് കേസിന് ആസ്പദമായ സംഭവം.
പണം നിക്ഷേപിക്കാൻ വരുന്നവരോട് തനിക്ക് എടിഎമ്മിൽ നിന്നും പണം എടുക്കാൻ സാധിക്കുന്നില്ലെന്നും പണം നൽകിയാൽ ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്തു നൽകാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. സമാന രീതിയിൽ ഇയാൾ നേരത്തെയും തട്ടിപ്പ് നടത്തി പിടിയിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.