കൊച്ചി: ഇന്റര്നാഷണല് ഡോക്യുമെന്ററി ആന്ഡ് ഷോര്ട്ട് ഫിലിം ഫെസ്റ്റിവല് ഓഫ് കേരള (ഐഡിഎസ്എഫ്എഫ്കെ) പ്രദര്ശിപ്പിക്കാനിരിക്കുന്ന ഏഴു ഹ്രസ്വ ചിത്രങ്ങള്ക്ക് സെന്സര് സര്ട്ടിഫിക്കറ്റ് നല്കാത്തതുസംബന്ധിച്ച ഹര്ജിയില് ഹൈക്കോടതി ഇടപെട്ടില്ല.
346 ഡോക്യുമെന്ററികളില് ഏഴെണ്ണം തടഞ്ഞുവച്ച നടപടി പ്രഥമദൃഷ്ട്യാ സ്വേച്ഛാപരമോ യുക്തിരഹിതമോ ആയി കണക്കാക്കാനാകില്ലെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി.
ഫിലിം സര്ട്ടിഫിക്കേഷന് മാര്ഗനിര്ദേശങ്ങളില് കേന്ദ്രസര്ക്കാരിന് ഇളവനുവദിക്കാനുള്ള വ്യവസ്ഥകള് പ്രകാരം സമര്പ്പിച്ച ഏഴു ഡോക്ക്യുമെന്ററികള്ക്കും ഷോട്ട് ഫിലിമുകള്ക്കും അനുമതി തീരുമാനം അറിയിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കേരള ചലച്ചിത്ര അക്കാദമി സമര്പ്പിച്ച ഹര്ജിയാണു കോടതി പരിഗണിച്ചത്.
ഉള്ളടക്കവുമായി ബന്ധപ്പെട്ട് സംശയമുള്ളതിനാല് അഭിപ്രായം തേടി ആറു ഹ്രസ്വ ചിത്രങ്ങള് ആഭ്യന്തരമന്ത്രാലയത്തിന്റെയും ഒരെണ്ണം വിദേശകാര്യ മന്ത്രാലയത്തിന്റെയും പരിഗണനയ്ക്ക് അയച്ചെന്നായിരുന്നു കേന്ദ്രസര്ക്കാരിന്റെ വിശദീകരണം.
വിശദീകരണ പത്രിക നല്കാന് കേന്ദ്രസര്ക്കാരിനു നിര്ദേശം നല്കിയ കോടതി ഹര്ജി വീണ്ടും നവംബര് 13ന് പരിഗണിക്കാന് മാറ്റി. 25ന് തിരുവനന്തപുരത്ത് ആരംഭിച്ച മേള 30ന് സമാപിക്കും.