ചാലക്കുടി: ലയൺസ് ക്ലബിന്റെ 365 ദിന സേവനപദ്ധതികളുടെ ഭാഗമായി ആരംഭിച്ച സൗജന്യ നേത്രപരിശോധന കേന്ദ്രം ചിറ്റിലപ്പിള്ളി ഒപ്റ്റിക്കൽസിൽ പ്രവർത്തനം ആരംഭിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് ഇട്ടൂപ്പ് കോനൂപ്പറമ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനം നിർവഹിച്ചു.
മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സാജു ആന്റണി പാത്താടൻ മുഖ്യപ്രഭാഷണം നടത്തി. ജിഎംടി കോ -ഓർഡിനേറ്റർ ജെ യിൻ ചിറ്റിലപ്പിള്ളി, പ്രോഗ്രാം കോ-ഓർഡിനേറ്റർ എം. ഡി. ജെയിംസ്, ക്ലബ് സെക്രട്ടറി വി.സി. പീറ്റർ . ട്രഷറർ ജോബി മേലേടത്ത് എന്നിവർ പ്രസംഗിച്ചു.
പൊതുജനങ്ങൾക്ക് വർഷം മുഴുവൻ സൗജന്യ നേത്രപരിശോധന ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്.
പരിശോധനയിൽ തിമിര ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടെത്തുന്ന അർഹരായ രോഗികൾക്ക് തുടർചികിത്സയും തിമിര ശസ്ത്രക്രിയയും പൂർണമായും സൗജന്യമായി ലഭ്യമാക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.