ന്യൂഡൽഹി: പ്രമുഖ മെസേജിംഗ് ആപ്പായ ടെലിഗ്രാമിനുമേൽ സമ്മർദം ശക്തമാക്കി കേന്ദ്രസർക്കാർ. സിനിമ, ഒടിടി ഉള്ളടക്കങ്ങൾ അനധികൃതമായി പ്രചരിക്കുന്നതു തടയാൻ സ്വന്തം നിലയിൽ മുൻകൈയെടുത്ത് കർശന നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ടെലിഗ്രാമിന് നോട്ടീസ് നൽകി.
വ്യാജവും അനധികൃതവുമായ ഉള്ളടക്കങ്ങൾ പ്രചരിക്കുന്നതിനെതിരേ എന്തെല്ലാം നടപടികളെടുത്തുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്നും നോട്ടീസിലുണ്ട്.
പരീക്ഷാ ചോദ്യപേപ്പറുകളുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് കുറ്റപ്പെടുത്തി നീറ്റ് പുനഃപരീക്ഷയോടനുബന്ധിച്ച് നേരത്തേ ടെലിഗ്രാമിന് താത്കാലിക നിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ ഈ ആപ്പിനെതിരേ തുടർന്നും നടപടികളെടുക്കുമെന്ന് സൂചന നൽകുന്നതാണ് പുതിയ നോട്ടീസ്.
ലിങ്കുകൾ നീക്കം ചെയ്യുന്നതിൽ ഒതുങ്ങാതെ, പ്ലാറ്റ്ഫോം എന്നനിലയിലുള്ള പൂർണ ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കണമെന്നും ഐടി നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.