തിരുവനന്തപുരം: ഇടത് മുന്നണിയുമായി തെറ്റിപ്പിരിഞ്ഞ പി.വി. അൻവറിനെയും എൻഡിഎയിൽ നിന്നകന്ന സി.കെ.ജാനുവിനെയും യുഡിഎഫിൽ സഹകരിപ്പിക്കാൻ നീക്കം. ഈകാര്യത്തിൽ ജില്ലാ നേതാക്കളുടെ അഭിപ്രായം യുഡിഎഫ് നേതൃത്വം തേടി.
അൻവറിന്റെ കാര്യത്തിൽ മലപ്പുറത്തെ നേതാക്കളുടെ അഭിപ്രായവും സി.കെ.ജാനുവിന്റെ മുന്നണി പ്രവേശനത്തിൽ വയനാട്ടിലെ നേതാക്കളുടെ അഭിപ്രായവുമാണ് തേടുന്നത്. ഇതിന് ശേഷമാകും ഇരുവരുടെയും കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
യുഡിഎഫ് മുന്നണി സഹകരണം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ജാനു കത്ത് നൽകിയിരുന്നു. ആലുവയിലെത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ കണ്ട് താത്പര്യമറിയിക്കുകയും കത്ത് നൽകുകയുമായിരുന്നു.
കഴിഞ്ഞ ഒമ്പതിന് ചേർന്ന യുഡിഎഫ് യോഗം കത്ത് ചർച്ച ചെയ്ത ശേഷമാണ് ജില്ലാ നേതാക്കളുടെ അഭിപ്രായം തേടിയിരിക്കുന്നത്. എന്നാൽ രമേശ് ചെന്നിത്തലയും കെ മുരളീധരനും യുഡിഎഫ് യോഗത്തിൽ വിയോജിപ്പ് അറിയിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.