ചിറ്റൂർ: വാണിജ്യവാതകവില കുത്തനെ ഉയർന്നതോടെ താലൂക്കിലെ ഗ്രാമീണ ചായക്കടകളിൽ ചകിരിബോയിലറുകൾ ഉപയോഗിച്ചു തുടങ്ങി. തമിഴ്നാട്ടിലെ ഉടുമൽപ്പേട്ട, നെഗമം എന്നിവിടങ്ങളിലാണ് നാളികേര ചകിരിയും ചെറിയ വിറകും ഉപയോഗിച്ച് വെള്ളം ചൂടാക്കുന്നതിന് ബോയിലർ കൂടുതലായും ഉപയോഗിക്കുന്നത്.
ഇതിനു പതിനയ്യായിരം മുതൽ ഇരുപതിനായിരം രൂപവരെ വിലയുണ്ട്. തമിഴ്നാട്ടിൽ ഹോട്ടലുകളിലും, ഗ്രാമീണ തട്ടുകടകളിലും കൂടുതലായി ഉപയോഗിച്ച വരുന്ന ബോയിലറുകൾ ഇപ്പോൾ ചിറ്റൂർ താലൂക്കിലും വ്യാപകമായിത്തുടങ്ങി.
പാചകവാതക ഉപയോഗ ചെലവിന്റെ പത്തിലൊന്നു മാത്രമേ കച്ചവടക്കാർക്കു ചെലവു വരുന്നുള്ളുവെന്നതാണ് ഇത്തരം ബോയിലർ ഉപയോഗം വ്യാപകമാക്കുന്നത്. സമീപത്തു നിന്നാലും ചൂട് അനുഭവപ്പെടില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്.