തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ ഇന്ന് അത്തച്ചമയം. പുലർച്ചെ നടക്കുന്ന അത്തം ഉണർത്തലോടെ രാജനഗരി അത്തച്ചമയ ആഘോഷങ്ങളിലേയ്ക്കുണരും. രാവിലെ ഒന്പതിന് ഗവ. ബോയ്സ് സ്കൂളിലെ അത്തം നഗറിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ദീപക് ജോയ് എംഎൽഎ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
മന്ത്രി അനൂപ് ജേക്കബ് അത്ത പതാകയുയർത്തും. എംപിമാരായ ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, ജില്ലാ കളക്ടർ ജി.പ്രിയങ്ക എന്നിവർ മുഖ്യാതിഥികളാകും. സിനിമാ താരം മനോജ് കെ. ജയൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ അത്തം നഗറിൽ ചുവട് വയ്ക്കുന്ന കലാരൂപങ്ങളും മറ്റും താളമേളങ്ങളുടെ അകമ്പടിയോടെ നഗര വീഥിയിലേയ്ക്കിറങ്ങും.
ബസ് സ്റ്റാൻഡ്, സ്റ്റാച്ച്യു, കിഴക്കേക്കോട്ട, എസ്എൻ ജംഗ്ഷൻ, വടക്കേക്കോട്ട, കോട്ടയ്ക്കകം, സ്റ്റാച്ച്യു വഴി ഘോഷയാത്ര അത്തം നഗറിൽ തിരിച്ചെത്തും. ഘോഷയാത്ര സുഗമമായി കടന്നു പോകുന്നതിനായി വഴികളുടെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി അത്തം നഗറിൽ അമ്യൂസ്മെന്റ് പാർക്കും വിപണനമേളയും ലായം കൂത്തമ്പലത്തിൽ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
അത്തം നഗറിൽ ഉയർത്താനുള്ള അത്ത പതാക ഇന്നലെ വൈകിട്ട് ഹിൽപാലസിൽ നടന്ന ചടങ്ങിൽ കൊച്ചി രാജകുടുംബ പ്രതിനിധി രാമദാസൻ തമ്പുരാനിൽ നിന്നും നഗരസഭ ചെയർപേഴ്സൺ അഡ്വ. പി.എൽ. ബാബുവും കൗൺസിലർമാരും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് പുലിക്കളിയുടെയും തെയ്യത്തിന്റെയും അകമ്പടിയോടെ വാദ്യമേളങ്ങളുമായി അത്ത പതാകയും കൊടിമരവും ഘോഷയാത്രയായി അത്തം നഗറിൽ എത്തിച്ചേർന്നു.