ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ പാചകത്തിന് ബദൽ മാർഗങ്ങൾ തേടാൻ ഐആർസിടിസി നിർദേശം നൽകി. കൊമേഴ്സ്യൽ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതാണ് ഈ അടിയന്തര നടപടിക്ക് കാരണം.
സ്റ്റേഷനുകളിലെ ഫുഡ് പ്ലാസകൾ, റിഫ്രഷ്മെന്റ് റൂമുകൾ, ജൻ ആഹാർ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പാചകത്തിന് ഗ്യാസ് സ്റ്റൗവുകൾക്ക് പകരം മൈക്രോവേവ് ഓവനുകളും ഇൻഡക്ഷൻ കുക്കറുകളും ഉപയോഗിക്കാൻ നിർദ്ദേശിച്ചു. പാകം ചെയ്ത ഭക്ഷണത്തിന് പകരം റെഡി ടു ഈറ്റ് ഭക്ഷണസാധനങ്ങൾ കൂടുതൽ കരുതാൻ കച്ചവടക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്യാസ് ലഭ്യത പൂർണമായും നിലച്ചാൽ വിവരം ഉടൻ അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
ദീർഘദൂര ട്രെയിനുകളിലേക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന ബേസ് കിച്ചണുകളെയും ഗ്യാസ് ക്ഷാമം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സ്ഥിതി വഷളായാൽ ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം നൽകുന്നത് താത്കാലികമായി നിർത്തേണ്ടി വരുമെന്ന് റെയിൽവേ സൂചിപ്പിച്ചു. അങ്ങനെയുണ്ടായാൽ ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്തവർക്ക് തുക റീഫണ്ട് നൽകും.