ചാരുംമൂട്: മഴയെത്തുടർന്ന് അച്ചൻകോവിലാറ്റിൽനിന്നു വെള്ളം ഒഴുകിയെത്തിയതോടെ കരിങ്ങാലിച്ചാൽ, പെരുവേലിച്ചാൽ പുഞ്ചകളിൽ ജലനിരപ്പുയർന്നു. വെള്ളം കയറിയ പടനിലം-കുടശനാട്, പുലിമേൽ-ചുനക്കര, നൂറനാട്-പന്തളം റോഡുകളിൽ ഗതാഗതം നിലച്ചു. പടനിലം-ഭരണിക്കാവ് റോഡിലെ ആഞ്ഞിലിമൂട് ഭാഗത്തും വെള്ളം കയറാനുള്ള സാധ്യതയേറി. പുഞ്ചയോടു ചേർന്നുള്ള സ്ഥലങ്ങളിലെ കരക്കൃഷികൾ വെള്ളം കയറി നശിച്ചു. നൂറനാട് ആറ്റുവ വാർഡിൽ അച്ചൻകോവിലാറ്റിൽനിന്നു കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ചെറുമുഖ ഗവ.എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ക്യാമ്പിലേക്ക് വസ്ത്രങ്ങളും അവശ്യസാധനങ്ങളും നൽകി.
വൈദ്യുതിമുടക്കവും ഇവിടെ പതിവായിട്ടുണ്ട്. പാലമേൽ ഗ്രാമപഞ്ചായത്ത് 21-ാം വാർഡിൽ വണ്ടിപ്പുര-കുഴിയത്ത് റോഡരികിലെ കെഐപി കനാലിനോടു ചേർന്നുനിൽക്കുന്ന മരങ്ങൾ അപകടഭീഷണിയുയർത്തുന്നു. കഴിഞ്ഞ ദിവസം മരം കടപുഴകിവീണ് വൈദ്യുതി പോസ്റ്റ് തകർന്നിരുന്നു. മണിക്കൂറുകളോളം വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു. പ്രദേശത്തെ ഒട്ടേറെ മരങ്ങൾ ഇപ്പോഴും വൈദ്യുതിലൈനിലേക്ക് ചാഞ്ഞുനിൽക്കുകയാണ്. കഴിഞ്ഞ ദിവസം കാവുമ്പാട് കനാൽ ജംഗ്ഷനിലും വൈദ്യുതിലൈനിൽ മരം വീണിരുന്നു. അപകടസാധ്യതയുള്ള മരങ്ങൾ മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പാലമേൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം നിയാസ് നിവേദനം നൽകി.