കോട്ടയം: കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ തീരുമാനം നിര്‍ണായകം. നിയമസഭ പാസാക്കി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ബില്ലില്‍ വൈകാതെ തീരുമാനം അറിയാം. വന്യജീവി ആക്രമണം ഫലപ്രദമായി നേരിടുന്നതിന് നിലവിലെ കേന്ദ നിയമ വ്യവസ്ഥകള്‍ പര്യാപ്തമല്ലെന്നു കാട്ടി ഭേദഗതി ചെയ്യാനാണ് ബില്ല് സമര്‍പ്പിച്ചിരിക്കുന്നത്.
ജനവാസ മേഖലയിലിറങ്ങി മനുഷ്യജീവനും സ്വത്തിനും നാശംവരുത്തുന്ന വന്യജീവികളെ ആവശ്യമെങ്കില്‍ ഉടന്‍ കൊല്ലുന്നതിനോ മയക്കുവെടി വയ്ക്കുന്നതിനോ അനുവദിക്കുന്ന വ്യവസ്ഥ ബില്ലിലുണ്ട്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. നാടന്‍ കുരങ്ങുകളുടെ ജനനനിയന്ത്രണം, നാടുകടത്തല്‍ അനുമതിയും തേടിയിട്ടുണ്ട്.
നിലവിലെ കേന്ദ്ര നിയമപ്രകാരം, മനുഷ്യജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന വന്യജീവികളെ കൊല്ലുക സാങ്കേതികമായി സങ്കീര്‍ണമായ കാര്യമാണ്.വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ഒരു മൃഗത്തെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്.
ഒക്ടോബറിലാണ് സംസ്ഥാന നിയമസഭ നിര്‍ണായകമായ ബില്ല് പാസാക്കിയത്. സംസ്ഥാനം രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരിക്കുന്ന ബില്ല് ഭരണഘടനാവിരുദ്ധമാണെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്.
വന്യജീവി സംരക്ഷണം ഭരണഘടനയില്‍ ഉള്‍പ്പെട്ട നിയമമായിരിക്കേവിരുദ്ധമായൊരു സംസ്ഥാന നിയമത്തിനു സാധുതയില്ലെന്നാണ് മന്ത്രാലയം പറയുന്നത്. സര്‍ക്കാര്‍ കണക്കില്‍ കേരളത്തിലെ 300 പഞ്ചായത്തുകള്‍ വന്യജീവി സംഘര്‍ഷബാധിതമാണ്.
ഇതില്‍ 30 പഞ്ചായത്തുകള്‍ തീവ്ര ഹോട്ട്സ്പോട്ടുകളും. 2015 മുതല്‍ കേരളത്തില്‍ വന്യമൃഗ ആക്രമണത്തില്‍ ആയിരത്തിലേറെ പേര്‍ക്ക് ജീവന് നഷ്ടമായി. പരിക്കേറ്റവരുടെ എണ്ണം പതിന്മടങ്ങും.