ചെന്നൈ: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്താനിറങ്ങിയ ഇന്ത്യയുടെ സമ്മർദ ഭാരമേറുന്നു. സൂപ്പർ എട്ട് ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് വൻ മാർജിനിൽ തോൽവി വഴങ്ങിയതോടെ ഇനിയുള്ള മത്സരങ്ങൾ നിർണായകമായി. ഇനിയുള്ള രണ്ട് മത്സരവും വിജയിക്കണം. അല്ലെങ്കിൽ നെറ്റ് റണ്‍ റേറ്റ് തിരിച്ചടിയാകുമെന്നിരിക്കേ സിംബാബ്വെയ്ക്കെതിരേ വെസ്റ്റ് ഇന്‍ഡീസ് നേടിയ 107 റണ്‍സ് വിജയം ഇന്ത്യൻ ക്യാന്പിൽ സമ്മർദം കൂട്ടി.
ഇനിയുള്ള രണ്ടു മത്സരവും ജയിച്ചാൽ ഇന്ത്യക്ക് സമ്മർദമില്ലാതെ സെമി ഫൈനൽ കളിക്കാം. നാളെ ചെന്നൈയിൽ സിംബാബ്വെയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത സൂപ്പർ എട്ട് മത്സരം.
ഇതേ ദിവസം അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് പോരാട്ടവും നടക്കും. ഇന്ത്യയുടെ സെമി സാധ്യത ഈ മത്സരത്തെയും ആശ്രയിക്കും. ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യയുടെ സെമിയിലേക്കുള്ള വഴി എളുപ്പമാകും.
സെമിയിലെത്താൻ?
സൂപ്പർ 8 ഗ്രൂപ്പ് എയിൽ നിലവിൽ പോയിന്റ്് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. സെമി ഫൈനൽ സാധ്യതകൾ ഇങ്ങനെ:
രണ്ട് വിജയം: സിംബാബ്വെ (ഫെബ്രുവരി 26), വെസ്റ്റ് ഇന്‍ഡീസ് (മാർച്ച് ഒന്ന്) മത്സരങ്ങളിൽ ഇന്ത്യക്ക് വിജയം അനിവാര്യം. രണ്ട് മത്സരവും ജയിക്കുക സെമിയിലെത്താൻ ആദ്യ വഴി. നിലവിൽ നെറ്റ് റണ്‍ റേറ്റിൽ ഇന്ത്യ വിൻഡീസിനും ദക്ഷിണാഫ്രിക്കയ്ക്കും ഏറെ പിന്നിലാണ്. ഒരു മത്സരം തോറ്റാൽ നെറ്റ് റണ്‍ റേറ്റ് വിധി നിർണയിക്കും. അതിനാൽ സിംബാബ്വെക്കും വിൻഡീസിനുമെതിരേ മികച്ച മാർജിനിൽ ജയം നേടണം. എങ്കിൽ മാത്രമേ റണ്‍ റേറ്റിൽ ദക്ഷിണാഫ്രിക്കയെയോ വിൻഡീസിനെയോ മറികടക്കാനാവൂ.
മറ്റ് ടീമുകളുടെ പ്രകടനം:
ഇന്ത്യ x സിംബാബ്വെ മത്സരം നടക്കുന്ന വ്യാഴാഴ്ച വെസ്റ്റ് ഇൻഡീസ്- ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ത്യയുടെ സെമി പ്രവേശനത്തിൽ നിർണായകമാകും. വെസ്റ്റ് ഇൻഡീസ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാൽ ഇന്ത്യക്ക് കാര്യങ്ങൾ കടുപ്പമാകും. ദക്ഷിണാഫ്രിക്ക ജയിക്കുന്നത് അനുകൂലം. ദക്ഷിണാഫ്രിക്ക ബാക്കിയുള്ള രണ്ട് മത്സരങ്ങളും ജയിക്കുകയും ഇന്ത്യ തങ്ങളുടെ മത്സരങ്ങൾ ജയിക്കുകയും ചെയ്താൽ ഇന്ത്യക്ക് രണ്ടാം സ്ഥാനക്കാരായി സെമിയിൽ കടക്കാം.
തുല്യ പോയിന്റ് വന്നാൽ:
വെസ്റ്റ് ഇൻഡീസ് ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുകയും, ഇന്ത്യ തങ്ങളുടെ രണ്ട് മത്സരങ്ങളും ജയിക്കുകയും ചെയ്താൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക, വിൻഡീസ് എന്നീ മൂന്ന് ടീമുകൾക്കും നാല് പോയിന്റ് വീതമാകും. ഈ സാഹചര്യത്തിൽ റണ്‍ റേറ്റ് ആകും വിധി നിർണയിക്കുക.
അഭിഷേക്/ ഇഷാൻ ഒൗട്ട്, സഞ്ജു ഇൻ!
എതിരാളികളുടെ ഓഫ് സ്പിൻ ട്രാപ്പ് അതിജീവിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ആദ്യ ഓവറിൽ തന്നെ ഓഫ് സ്പിന്നർക്ക് വിക്കറ്റ് നൽകിയാണ് അഭിഷേക് ശർമയും ഇഷാൻ കിഷനും മടങ്ങിയത്. സിക്കന്ദർ റാസ, ബ്രയാൻ ബെന്നറ്റ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ സിംബാബ്വെയ്ക്കുണ്ട്. സഞ്ജു സാംസണിന്റെ പ്ലേയിംഗ് ഇലവനിലേക്കുള്ള മടങ്ങിവരവാണ് ഇതിനുള്ള പരിഹാരം. തിലക് ലോകകപ്പിൽ ബാറ്റ് ചെയ്യുന്നത് 119 സ്ട്രൈക്ക് റേറ്റിലും റിങ്കു 82 സ്ട്രൈക്ക് റേറ്റിലുമാണ്. അഞ്ച് ഇന്നിംഗ്സുകളിൽനിന്ന് 107 റണ്‍സാണ് തിലകിന്റെ സന്പാദ്യം. ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാരും ഇടംകൈയൻമാരായത് എതിരാളികൾക്ക് കാര്യങ്ങൾ എളുപ്പമാക്കും.
വരുണ്‍ മങ്ങി:
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ വരുണ്‍ ചക്രവർത്തി തിളങ്ങാതെ പോയതായിരുന്നു ഇന്ത്യ നേരിട്ട തിരിച്ചടികളിലൊന്ന്. മധ്യ ഓവറുകളിലെ വരുണിന്റെ വിക്കറ്റ് ടേകക്കിംഗ് മികവ് ടൂർണമെന്റിൽ മുതൽക്കൂട്ടായിരുന്നു. അക്സർ പട്ടേൽ, കുൽദീപ് യാദവ് തുടങ്ങി വിക്കറ്റ് ടേക്കിംഗ് ബൗളർമാർ ഉള്ളപ്പോൾ വാഷിംഗ്ടണ്‍ സുന്ദറെ കഴിഞ്ഞ മത്സരത്തിൽ പരീക്ഷിച്ച് പരാജയപ്പെട്ടത് മുന്നിലുണ്ട്.
ഇന്ത്യ x സിംബാബ്വെ:
ട്വന്റി20 ക്രിക്കറ്റിൽ സിംബാബ്വെക്കെതിരെ മികച്ച റിക്കാര്‍ഡാണ് ഇന്ത്യക്കുള്ളത്. ഇതുവരെ ഏറ്റുമുട്ടിയ 13 മത്സരങ്ങളിൽ 10 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഒരു തവണ മാത്രമാണ് ഇരുടീമുകളും ഏറ്റുമുട്ടിയത് (2022ൽ). അന്ന് 71 റണ്‍സിന്റെ വന്പൻ വിജയം ഇന്ത്യ നേടിയിരുന്നു.
ഇന്ത്യ x വെസ്റ്റ് ഇൻഡീസ്:
മൂന്നാം സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ നേരിടുന്നത് വെസ്റ്റ് ഇൻഡീസിനെയാണ്. ട്വന്റി20 ക്രിക്കറ്റിൽ വിൻഡീസിനെതിരേ ഇന്ത്യക്ക് മുൻതൂക്കമുണ്ടെങ്കിലും ലോകകപ്പിലെ കണക്കുകൾ ആശങ്കയുണ്ടാക്കുന്നതാണ്. ലോകകപ്പിൽ ഇതുവരെ ഏറ്റുമുട്ടിയ നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് (2014ൽ) ഇന്ത്യക്ക് ജയിക്കാനായത്.