Movies
മലയാളചലച്ചിത്ര ചരിത്രത്തില്‍ അന്വേഷണാത്മക സിനിമകളുടെ തലവര മാറ്റിയെഴുതിയ സംവിധായകനാണ് ജീത്തു ജോസഫ്. ജീത്തുവിന്‍റെ സംവിധാനത്തില്‍ പിറന്ന ചിത്രങ്ങളെല്ലാം വമ്പന്‍ ട്വിസ്റ്റുകള്‍കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു.
ലോകസിനിമയിലെ ക്രൈംത്രില്ലറുകളോടു കിടപിടിക്കുന്നതായിരുന്നു ജീത്തു ജോസഫ് അഭ്രപാളിയില്‍ തീര്‍ത്ത വിസ്മയങ്ങള്‍. ദൃശ്യം രണ്ടു ഭാഗങ്ങളും വിവിധ ലോകഭാഷകളിലേക്കു മാറ്റപ്പെടുകയും ചെയ്തതും ഇക്കാരണത്താലാണ്. ജീത്തു ജോസഫിന്‍റെ മിറാഷ് ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോം ആയ സോണിലിവില്‍ സ്ട്രീമിംഗ് തുടരുകയാണ്.
ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ്, ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദൃശ്യം 3-യുടെയും ബിജു മേനോനും ജോജു ജോര്‍ജും കേന്ദ്രകഥാപാത്രങ്ങളായി, റിലീസിന് ഒരുങ്ങുന്ന വലതുവശത്തെ കള്ളന്‍ എന്ന ചിത്രത്തിന്‍റെയും വിശേഷങ്ങള്‍ പങ്കുവച്ചു. ജീത്തു ജോസഫിന്‍റെ സംഭാഷണങ്ങള്‍-
ദൃശ്യം 3-യോടെ ജോര്‍ജുകുട്ടിയുടെ കഥ അവസാനിക്കുമോ...?
ഉപസംഹാരമായിരിക്കില്ല, അതു തീര്‍ച്ചയാണ്! ദൃശ്യം ചെയ്തപ്പോള്‍, ഒരു തുടര്‍ച്ചയെക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പിന്നീട്, രണ്ടാം ഭാഗത്തിനുള്ള ആശയം ഉദിച്ചപ്പോള്‍, അതു ചെയ്തു എന്നുമാത്രം. രണ്ടാമത്തെ ചിത്രത്തിനു ശേഷം, മൂന്നാം ഭാഗം സാധ്യമാണോ എന്നു ഞാന്‍ ചിന്തിച്ചു... ഒടുവില്‍, ഒരു ത്രെഡ് കണ്ടെത്തി. ആദ്യ ചിത്രം ജോര്‍ജുകുട്ടിയും കുടുംബവും അനുഭവിച്ച സംഭവമാണ് കൈകാര്യം ചെയ്യുന്നത്. പിന്നെ ജോര്‍ജുകുട്ടിയും കുടുംബവും എങ്ങനെ പരിണമിച്ചുവെന്ന് ദൃശ്യം രണ്ടാം ഭാഗത്തില്‍ ചിത്രീകരിച്ചു.
ഇപ്പോള്‍ മൂന്നാം ഭാഗത്തില്‍, (ജോര്‍ജുകുട്ടി തെളിവുകള്‍ എങ്ങനെ മായ്ച്ചുകളഞ്ഞു എന്നു നമുക്കറിയാം) അവരുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചുവെന്നു പര്യവേക്ഷണം ചെയ്യുന്നു. ഞാന്‍ ഓര്‍ഗാനിക് ആയി തോന്നുന്ന കഥകള്‍ മാത്രമേ എഴുതാറുള്ളൂ. ഈ ഭാഗത്തോടെ കഥ അവസാനിക്കുമോ എന്ന് എനിക്കറിയില്ല. പുതിയൊരു ആംഗിള്‍ ഉണ്ടായാല്‍ നാലാം ഭാഗം തീര്‍ച്ചയായും പ്രതീക്ഷിക്കാം. എനിക്ക് ഉറപ്പുപറയാന്‍ കഴിയില്ല, എന്നാല്‍ അതിനുള്ള എല്ലാ സാധ്യതകളും മൂന്നാം ഭാഗത്തിലുണ്ട്. ഇപ്പോള്‍ ഇതു മാത്രമാണ് എനിക്കു പറയാന്‍ കഴിയുക.
Movies
സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസാണ് കോടതി റദ്ദാക്കിയത്.
കേസെടുക്കാനുള്ള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 15 വര്‍ഷത്തിലേറെ വൈകി കേസെടുത്ത മജിസ്ട്രേറ്റ് കോടതി നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
പാലേരി മാണിക്യം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് എസ്.ഡി. രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തനിക്കെതിരെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും 2009 ല്‍ നടന്ന സംഭവത്തിന് നടി 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഹോട്ടല്‍ മുറിയില്‍ വച്ച് സംവിധായകന് പീഡിപ്പിച്ചെന്നായിരുന്നു ബംഗാളി നടിയുടെ പരാതി. നടി പരാതി ഉന്നയിച്ചതിന് പിന്നാലെ താന്‍ ഇരയാണെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ഇതേ തുടര്‍ന്ന് നടി നിയമപരമായി മുന്നോട്ടുപോവുകയായിരുന്നു.
പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഒരു ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് സംവിധായകനെ പരിചയപ്പെടുന്നത്. പിന്നീട് പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് നടിയുടെ പരാതി.
സിനിമയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി രഞ്ജിത്ത് താമസിക്കുന്ന കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി. ചര്‍ച്ചയ്ക്കിടെ രഞ്ജിത്ത് തന്റെ കൈയില്‍ കയറിപ്പിടിച്ചു. പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും അവിടെ നിന്ന് ഇറങ്ങിയ താന്‍ സിനിമയില്‍ അഭിനയിക്കാതെ തിരിച്ചുപോയെന്നും നടി പറഞ്ഞിരുന്നു.
നടിയെ പിന്തുണച്ച് സംവിധായകന് ജോഷിയും രംഗത്തെത്തിയിരുന്നു. പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവെക്കാന്‍ രഞ്ജിത്ത് നിര്‍ബന്ധിതനായി.