കൊല്ലം: മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ യുവാവിനെ കരുതല്‍ തടങ്കലിലാക്കി. ഇരവിപുരം ഉദയതാരാനഗര്-98 സാബു നിവാസില്‍ സക്കീര്‍ ഹുസൈന് (32) എന്നയാളെയാണ് പിറ്റ് എന്‍ഡിപിഎസ് നിയമ പ്രകാരം കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിനായി സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചത്. അതിവിദഗ്ധമായാണ് ഇയാളെ ബംഗളൂരില്‍ നിന്ന് പോലീസ് സംഘം അറസ്റ്റ് ചെയ്തു കൊണ്ടുവന്നത്.
മാരക ലഹരി മരുന്നായ മേത്താംഫെറ്റമിന് ചില്ലറ വില്പനയ്ക്കായി കടത്തിക്കൊണ്ട് വരവേ കഴിഞ്ഞ വര്‍ഷം സക്കീര്‍ ഹുസൈനെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ 2017 മുതല്‍ മയക്കുമരുന്ന് ചില്ലറ വില്പനയ്ക്കായി കടത്തി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇയാളുടെ പേരില്‍ മൂന്ന് എക്സൈസ് കേസുകളും നിലവിലുണ്ട്. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ നിയാസ് സിപിഒ മാരായ അജയകുമാര്‍, ആദര്‍ശ്, അതുല്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.