ലുവാണ്ട: യുക്രെയ്നിലെയും പശ്ചിമേഷ്യയിലെയും യുദ്ധങ്ങൾ പരസ്പര ചർച്ചകളിലൂടെ അവസാനിപ്പിക്കണമെന്നും ഇതിനായി നയതന്ത്ര ശ്രമങ്ങൾ തുടരണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. അങ്കോളൻ തലസ്ഥാനമായ ലുവാണ്ടയ്ക്കു സമീപം കിലാംബയിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം ത്രികാല പ്രാർഥനയ്ക്കിടെ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
ലബനനിലെ വെടിനിർത്തൽ പ്രതീക്ഷ നൽകുന്നതാണ്. അവിടുത്തെ ജനങ്ങൾക്കു വലിയ ആശ്വാസമാണിത്. യുക്രെയ്നെതിരായ ആക്രമണങ്ങൾ അടുത്തിടെ വർധിച്ചതിൽ എനിക്ക് അതിയായ വിഷമമുണ്ട്. അവിടത്തെ ജനങ്ങൾ വളരെ ദുരിതത്തിലാണു കഴിയുന്നത്. ദുരിതമനുഭവിക്കുന്ന എല്ലാവരും എന്റെ പ്രാർഥനയിലുണ്ട്. അവരെ ഞാൻ ചേർത്തുപിടിക്കുന്നു. ആയുധങ്ങൾ നിശബ്ദമാകണം. ഇതുവഴി സംഭാഷണത്തിന്റെ പാത പിന്തുടരുകയും ചെയ്യണം. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ സ്വാഗതാർഹമാണ്. അതു ശക്തമായി തുടരണം-മാർപാപ്പ പറഞ്ഞു.
കിലാംബയിൽ വിശുദ്ധ കുർബാനമധ്യേ നൽകിയ സന്ദേശത്തിൽ പഴയ ഭിന്നതകളെ എന്നെന്നേക്കുമായി മറികടക്കുന്നതും വിദ്വേഷവും അക്രമവും മാറ്റപ്പെടുന്നതും നീതിയുടെയും പങ്കുവയ്ക്കലിന്റെയും ഒരു പുതിയ സംസ്കാരത്താൽ അഴിമതിയുടെ മുറിവ് സുഖപ്പെടുത്തപ്പെടുന്നതുമായ ഒരു രാജ്യം കെട്ടിപ്പടുക്കാമെന്നും അങ്ങനെ പ്രത്യാശ നിറഞ്ഞ ഒരു ഭാവി സാധ്യമാകട്ടെയെന്നും മാർപാപ്പ ആശംസിച്ചു.
വിശുദ്ധ കുർബാനയ്ക്കുശേഷം ഹെലികോപ്റ്ററിൽ മക്സിമ നഗരത്തിലേക്കു പോയ മാർപാപ്പ, അവിടെ മരിയൻ തീർഥാടനകേന്ദ്രമായ മാമാ മക്സിമയിൽ ജപമാല പ്രാർഥനയിൽ പങ്കെടുത്തു. രണ്ടു ലക്ഷത്തോളം വിശ്വാസികളാണ് വിശുദ്ധ കുർബാനയിലും ജപമാല പ്രാർഥനയിലും പങ്കെടുക്കാനെത്തിയത്. ഇന്നു വടക്കുകിഴക്കൻ പട്ടണമായ സൗറിമോയില് മാർപാപ്പ സന്ദര്ശനം നടത്തും. അങ്കോളൻ സന്ദർശനം പൂർത്തിയാക്കി നാളെ മാർപാപ്പ ഇക്വിറ്റോറിയൽ ഗിനിയയിലേക്കു യാത്രയാകും.