മലപ്പുറം: എന്യൂമറേഷൻ ഫോം വിതരണ ക്യാമ്പിനിടെ നഗ്നതാപ്രദർശനം നടത്തിയ ബിഎൽഒയ്ക്കെതിരെ നടപടി. തവനൂർ മണ്ഡലം 38-ാം നമ്പർ ആനപ്പടി വെസ്റ്റ് എൽപി സ്കൂൾ ബൂത്തിലെ ബിഎൽഒ വാസുദേവനെ ചുമതലയിൽനിന്നും നീക്കിയെന്ന് ജില്ലാ കളക്ടർ വി.ആർ.വിനോദ് പറഞ്ഞു.
വിഷയത്തിൽ ഉദ്യോഗസ്ഥനോടു വിശദീകരണം തേടും. ചെറിയ പരപ്പൂർ എഎംഎൽപി സ്കൂൾ അധ്യാപിക പ്രസീനയ്ക്ക് പകരം ബിഎൽഒയുടെ ചുമതല നൽകിയെന്നും കളക്ടർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ബിഎൽഒ നഗ്നതാപ്രദർശനം നടത്തിയത്.
പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് നാട്ടുകാർ ചോദ്യം ചെയ്തതാണ് പ്രകോപനമായത്. നാട്ടുകാരുമായുള്ള വാക്കേറ്റത്തിനിടെ കാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നതിൽ കുപിതനായ ബിഎൽഒ മുണ്ട് പൊക്കിക്കാട്ടുകയായിരുന്നു.