പതിമൂന്നാം നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിനാണു കേരളം സാക്ഷ്യം വഹിച്ചത്. ഒടുവിൽ യുഡിഎഫ് 72 സീറ്റോടെ കഷ്ടിച്ചു കടന്നുകൂടി.
ഒരാൾക്കു മൂത്രശങ്കയുണ്ടായാൽ താഴെ വീഴുന്ന സർക്കാർ എന്നായിരുന്നു വി.എസ്. അച്യുതാനന്ദൻ ഈ സർക്കാരിനെ വിശേഷിപ്പിച്ചത്. മൂന്നാൾ ചാഞ്ചാടിയാൽ താഴെ വീഴാവുന്ന സർക്കാരിനു പറ്റിയ വിശേഷണമായിരുന്നു ഇത്. എന്നാൽ, സർക്കാർ കാലാവധി തികച്ചു. കെ. കരുണാകരനുശേഷം കാലാവധി പൂർത്തിയാക്കുന്ന കോണ്ഗ്രസ് മുഖ്യമന്ത്രിയായും ഉമ്മൻ ചാണ്ടി മാറി.
നേരിയ ഭൂരിപക്ഷം സർക്കാരിനു പരിമിതിയേ ആയില്ല. നൂറുദിന പരിപാടിയും ജനസമ്പർക്ക പരിപാടിയുമൊക്കെയായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കളം നിറഞ്ഞുനിന്നു. മന്ത്രിസഭാംഗമായിരുന്ന ടി.എം. ജേക്കബിന്റെ നിര്യാണത്തെത്തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ അനൂപ് ജേക്കബ് പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. ഈ ഉപതെരഞ്ഞെടുപ്പു വേളയിൽ നെയ്യാറ്റിൻകരയിലെ സിപിഎമ്മുകാരനായ എംഎൽഎ ആർ. ശെൽവരാജ് രാജിവച്ചത് സിപിഎമ്മിനെയും എൽഡിഎഫിനെയും ഞെട്ടിച്ചു. പിന്നീട് കോണ്ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ശെൽവരാജ് വിജയിക്കുകയും ചെയ്തു.
വിവാദങ്ങൾ നിറഞ്ഞുനിന്ന കാലഘട്ടമായിരുന്നു ഇത്. ആദ്യഘട്ടത്തിൽ സമരങ്ങൾ ഒന്നൊന്നായി പൊളിഞ്ഞതു പ്രതിപക്ഷത്തിനു ക്ഷീണമായി. സർക്കാർ ജീവനക്കാരുടെ പണിമുടക്കും ഭൂമിസമരവുമെല്ലാം ദയനീയമായി പരാജയപ്പെട്ടു.
സോളാർ വിവാദം കത്തിനിൽക്കുന്നതിനിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലം യുഡിഎഫിനു ദോഷകരമായിരുന്നില്ല. 12 സീറ്റിൽ അവർ ജയിച്ചു. സിപിഎമ്മിലെ ആഭ്യന്തര സംഘർഷങ്ങൾ അവർക്കു തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇതിനിടെ, അഞ്ചാം മന്ത്രി വിവാദം യുഡിഎഫിനെ ഉലച്ചു. മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കിയതിനൊപ്പം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്തി പരിക്കു തീർക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു.
കുടുംബപ്രശ്നങ്ങളെത്തുടർന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാറിനു രാജിവയ്ക്കേണ്ടിവന്നു. 2014ന്റെ പുതുവത്സരദിനത്തിൽ കെപിസിസി പ്രസിഡന്റ് ആയിരുന്ന രമേശ് ചെന്നിത്തല ആഭ്യന്തരവകുപ്പിന്റെ ചുമതലയോടെ മന്ത്രിസഭയിലെത്തി.
സോളാർ വിവാദത്തിൽ പ്രതിപക്ഷം നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം രണ്ടാം ദിവസം കാരണം പറയാതെ പിൻവലിച്ചത് സമരസജ്ജരായി നിന്ന സിപിഎം അണികളെ നിരാശരാക്കി. സോളാർ കേസിനു പിന്നാലെ ബാർ കോഴ കേസ് സർക്കാരിനെ ഉലച്ചു. ഇതിനിടെ നടന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിലും വിജയിച്ചുകൊണ്ട് സർക്കാർ ഒരിക്കൽകൂടി കരുത്തു കാട്ടി. ബാർ കോഴ കേസിൽ ഒടുവിൽ മന്ത്രി കെ.എം. മാണിക്കു രാജിവയ്ക്കേണ്ടി വന്നു.
ലോക്സഭാ തെരഞ്ഞെടുപ്പു സമയത്ത് സീറ്റ് തർക്കത്തിൽ ആർഎസ്പി എൽഡിഎഫ് വിട്ട് യുഡിഎഫിലെത്തി. കൊല്ലത്തു മത്സരിച്ച എൻ.കെ. പ്രേമചന്ദ്രൻ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എം.എ. ബേബിയെ പരാജയപ്പെടുത്തി സിപിഎമ്മിനെ ഞെട്ടിച്ചു. വിവാദങ്ങൾക്കും ആരോപണങ്ങൾക്കുമിടയിലും തെരഞ്ഞെടുപ്പു വിജയങ്ങൾ തുടർക്കഥയാക്കിയ യുഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പിൽ കാലിടറി. വർഷങ്ങൾക്കുശേഷം എൽഡിഎഫ് ഒരു തെരഞ്ഞെടുപ്പു വിജയം നേടി. ഇതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്ന പ്രതിപക്ഷം സമരോത്സുകരായി.
ബാർ കോഴ ആരോപണത്തിന്റെ പേരിൽ ബജറ്റ് തടയാൻ പ്രതിപക്ഷം നടത്തിയ അക്രമാസക്തമായ പ്രതിഷേധമായിരുന്നു ഈ കാലയളവിലെ ഏറ്റവും വിവാദമായ സംഭവങ്ങളിലൊന്ന്. കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ പി.സി. ജോർജിനെ അയോഗ്യനാക്കിയതും ഈ നിയമസഭയിലെ പ്രധാന സംഭവമായി. ജോർജ് പിന്നീട് ഹൈക്കോടതിയെ സമീപിച്ച് സ്പീക്കറുടെ നടപടി റദ്ദാക്കി. അപ്പോഴേക്കും നിയമസഭയുടെ അവസാന സമ്മേളനവും കഴിഞ്ഞിരുന്നു.
പ്രക്ഷോഭങ്ങളും വിവാദങ്ങളും നിറഞ്ഞ കാലഘട്ടമായിരുന്നെങ്കിലും ഉമ്മൻ ചാണ്ടി സർക്കാരിന് അവകാശപ്പെടാൻ ഭരണനേട്ടങ്ങൾ ഒരുപാടുണ്ട്. സർക്കാർ നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കി. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം തുടങ്ങിയ വൻകിട വികസന പദ്ധതികൾ ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ സ്മാരകങ്ങളായി എന്നെന്നും നിലനിൽക്കും.
ഉയർത്തിക്കാട്ടാൻ ഭരണനേട്ടങ്ങൾ ധാരാളമുണ്ടെങ്കിലും വിവാദങ്ങളായിരുന്നു മുഴച്ചുനിന്നത്. സോളാർ, ബാർ കോഴ വിവാദങ്ങൾ, മദ്യശാലകൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കോണ്ഗ്രസിനുള്ളിൽ ഉയർന്നുവന്ന വിവാദങ്ങൾ, കോണ്ഗ്രസിൽ ഭരണ നേതൃത്വവും സംഘടനാ നേതൃത്വവും തമ്മിൽ ഉടലെടുത്ത പരസ്യമായ ഉരസലുകൾ എല്ലാം മുന്നണിയുടെ പ്രതിഛായ നശിപ്പിച്ചു. അതാണു തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചത്.
പിണറായി 01, പിണറായി 02
2016നു ശേഷമുള്ളതു ചരിത്രമല്ല, വർത്തമാനമാണ്. തുടർച്ചയായി പത്തു വർഷം ഭരിച്ച കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറി എന്നതു ചരിത്രസംഭവമാണ്. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ജീവനക്കാരെ ഓർമിപ്പിച്ചപ്പോൾ തുരുമ്പിച്ച ഭരണയന്ത്രം അടിമുടി മാറ്റിമറിക്കുമെന്നു ജനം പ്രതീക്ഷിച്ചു. എന്നാൽ, പത്തു വർഷംകൊണ്ടു കാര്യമായ മാറ്റമൊന്നും സിവിൽ സർവീസിലോ ഭരണരീതിയിലോ അനുഭവപ്പെട്ടില്ല.
ശബരിമലയിലെ നഷ്ടം
ശബരിമലയിൽ യുവതീപ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നപ്പോൾ അതു നടപ്പിലാക്കാൻ ആവേശം കാട്ടിയ ഇടതുപക്ഷത്തിനും സർക്കാരിനും കൈ പൊള്ളി. തൊട്ടടുത്ത ലോക്സഭാ തെരഞ്ഞൈടുപ്പിൽ അവർ തകർന്നടിഞ്ഞു. ശബരിമലയിലെ കടുംപിടിത്തം മാറ്റിവച്ചു ജനങ്ങൾക്കിടയിലിറങ്ങിയ സിപിഎം നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുന്നതാണു പിന്നീടു കണ്ടത്. ഉപതെരഞ്ഞെടുപ്പുകളിൽ കൈവശമുണ്ടായിരുന്ന അരൂർ നഷ്ടപ്പെട്ടെങ്കിലും യുഡിഎഫ് സിറ്റിംഗ് സീറ്റുകളായ വട്ടിയൂർക്കാവ്, പാലാ, കോന്നി തുടങ്ങിയവ പിടിച്ചെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ 2015ലേതിനേക്കാൾ മിന്നും പ്രകടനം നടത്തിയതോടെ എൽഡിഎഫിന് ആത്മവിശ്വാസമായി.
ദുരിതങ്ങൾ, ദുരന്തങ്ങൾ
പിണറായി സർക്കാരിന്റെ കാലത്തായിരുന്നു ഓഖിയും പ്രളയവും കേരളത്തെ കണ്ണീരിലാഴ്ത്തിയത്. നിപയും കോവിഡും ഭയത്തിലാഴ്ത്തി. പ്രകൃതിദുരന്തങ്ങൾ ആവർത്തിച്ചു. ഒടുവിലായി വയനാട്ടിലെ മുണ്ടക്കൈ ദുരന്തവും നേരിടേണ്ടിവന്നു. ഓഖിയിൽ സർക്കാരിനു വീഴ്ചകളുണ്ടായി. അതിനുശേഷം വന്ന എല്ലാ ദുരന്തങ്ങളെയും നേരിടുന്നതിൽ സർക്കാർ പ്രത്യേക മികവു കാട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽനിന്നു പോരാടി, പ്രതിരോധമൊരുക്കി.
കോവിഡ് കാലത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോവിഡിനെ നേരിട്ട രീതി തന്നെയായിരുന്നു ജനത്തെ സ്വാധീനിച്ച പ്രധാന ഘടകം. മുഖ്യമന്ത്രി പിണറായി വിജയനിൽ ഒരു രക്ഷകനെ സാധാരണക്കാർ കണ്ടു. എന്നാൽ, പ്രതിപക്ഷത്തിനാകട്ടെ കോവിഡ് നിയന്ത്രണങ്ങൾ സാധാരണ രാഷ്ട്രീയപ്രവർത്തനങ്ങൾക്കു തടസം സൃഷ്ടിച്ചു. ഒടുവിൽ തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ ഭരണമുന്നണി 99 സീറ്റിൽ വിജയിച്ചു തുടർഭരണം നേടിയെടുത്തു. ഭരണമുന്നണി വിജയത്തുടർച്ച നേടുന്നതു രണ്ടാം തവണ. തുടർച്ചയായി പത്തു വർഷം ഒരാൾ മുഖ്യമന്ത്രിയായിരിക്കുന്നതു കേരളത്തിന്റെ ചരിത്രത്തിൽ ആദ്യവും.
അയ്യപ്പസംഗമവും സ്വർണക്കൊള്ള കേസും
അയ്യപ്പസംഗമം നടത്തി എൻഎസ്എസും എസ്എൻഡിപിയും ഉൾപ്പെടെയുള്ള ഹൈന്ദവ സമുദായ സംഘടനകളുടെ പിന്തുണ നേടി രാഷ്ട്രീയമായി കരുത്തു കാട്ടി നിൽക്കുന്ന സമയത്താണ് ശബരിമലയിലെ സ്വർണക്കൊള്ളയുടെ വിവരങ്ങൾ പുറത്തുവരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇതു സജീവചർച്ചാവിഷയമായി. നിയമസഭാ തെരഞ്ഞെടുപ്പിലും ചർച്ച തുടർന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ഒതുങ്ങിയ ഇടതുപക്ഷത്തിന് തദ്ദേശ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടു. യുഡിഎഫ് ആകട്ടെ കഴിഞ്ഞ അഞ്ചു വർഷവും എല്ലാ തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി ജയിച്ചു വരുന്നതിന്റെ ആത്മവിശ്വാസവുമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടിയുടെയും വി.എസ്. അച്യുതാനന്ദന്റെയും വേർപാട് കേരളത്തെ കണ്ണീരണിയിച്ച സംഭവങ്ങളായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തനത്തിലൂടെ ഇതിഹാസതുല്യരായ ഇവർക്കു പകരക്കാർ കേരള രാഷ്ട്രീയത്തിലുണ്ടാകുമോ എന്നു സംശയിക്കണം.
ബിജെപിയുടെ മുന്നേറ്റം
കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയിൽ കേരള രാഷ്ട്രീയത്തിൽ വന്നിട്ടുള്ള അടിസ്ഥാനപരമായ മാറ്റം ബിജെപി ശക്തി പ്രാപിക്കുന്നതാണ്. രണ്ടു മുന്നണി രാഷ്ട്രീയത്തിൽനിന്നു മൂന്നാം ശക്തി വളർന്നുവരുന്നതിന്റെ സൂചനകളാണു കാണുന്നത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 6.06 ശതമാനം വോട്ട് മാത്രം നേടിയ ബിജെപി വോട്ടുവിഹിതം 2014ൽ 10.5 ശതമാനമായും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 15.10 ശതമാനമായും ഉയർത്തി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 15.60 ശതമാനമായിരുന്നു വോട്ട് വിഹിതം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 12.51 ശതമാനമായി കുറഞ്ഞെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അത് 19.2 ശതമാനമായി വർധിച്ചു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം കുറഞ്ഞു. സ്ഥിരതയോടെ വോട്ട് വിഹിതം വർധിപ്പിക്കാൻ സാധിക്കുന്നില്ല എന്നതാണു ബിജെപി നേരിടുന്ന പ്രശ്നം.
പെട്ടിക്കുള്ളിൽ കിടക്കുന്ന വോട്ടുകൾ ആർക്കൊക്കെ, എത്ര വീതമെന്ന് അറിയാൻ ഇനി നാലു ദിവസംകൂടി മാത്രം കഴിഞ്ഞാൽ മതി. അതു മൂന്നാം പിണറായി സർക്കാർ ആണോ, യുഡിഎഫിന്റെ കുതിപ്പാണോ, അതോ എൻഡിഎ സ്വപ്നം കാണുന്ന തൂക്കുസഭയാണോ? നമുക്കു കാത്തിരിക്കാം.
(അവസാനിച്ചു)