ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് കുടുംബത്തിനുനേരേ ആൾക്കൂട്ട ആക്രമണം. ഡൽഹിയിലെ ലക്ഷ്മി നഗറിലാണ് പട്ടാപ്പകൽ ജിം ഉടമയ്ക്കും ഭാര്യക്കും മകനുമെതിരേ ഗുണ്ടാസംഘം ആക്രമണം അഴിച്ചുവിട്ടത്.
ജിം നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു വഴിവച്ചത്. ആക്രമണത്തിനിരയായവരുടെ വസതിക്കു പുറത്ത് കഴിഞ്ഞ രണ്ടിനു നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ അച്ഛനും മകനും മർദനത്തിനിരയാകുന്നതും മകനെ അക്രമികൾ വിവസ്ത്രനാക്കുന്നതും ജനങ്ങൾ സംഭവത്തിലിടപെടാതെ നിഷ്ക്രിയരായി നോക്കിനിൽക്കുന്നതും കാണാം.
വീടിനടുത്ത ബേസ്മെന്റിൽ തങ്ങൾ ജിം നടത്തുന്നുണ്ടെന്നും ഇതുസംബന്ധിച്ച തർക്കം മൂലമാണ് ആക്രമണം നടന്നതെന്നും ഭർത്താവിനെയും മകനെയും ഉപദ്രവിച്ചതിനുപുറമെ തന്റെ വയറ്റിൽ തൊഴിച്ചെന്നും മുടിയിൽ പിടിച്ചു വലിച്ചെന്നും ജിം ഉടമയുടെ ഭാര്യ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
പിന്നീട് താൻ പരാതിപ്പെടാൻ പോലീസ് സ്റ്റേഷനിലേക്ക് ഓടിയെന്നും അക്രമികൾ വീടിനകത്തു കടന്ന് മകനെ റോഡിലേക്ക് വലിച്ചിഴച്ചു വിവസ്ത്രനാക്കിയെന്നും മകൻ കേണപേക്ഷിച്ചിട്ടും വിടാൻ കൂട്ടാക്കിയില്ലെന്നും അവർ പറഞ്ഞു.