ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഉത്തരവിനെ തന്ത്രപരമായി മറികടന്ന് സ്വകാര്യ വിമാനക്കന്പനികൾ യാത്രക്കാരിൽനിന്നു കൊള്ളനിരക്ക് ഈടാക്കുന്നത് തുടരുന്നു. ഇൻഡിഗോ വിമാനപ്രതിസന്ധിയും ക്രിസ്മസ് സീസണും മുതലെടുത്താണ് കൊള്ള.
നേരിട്ടുള്ള വിമാനസർവീസുകൾക്കു മാത്രമേ സർക്കാരിന്റെ ടിക്കറ്റ് നിരക്കുകളിലെ പരിധി ബാധകമാകൂവെന്നാണ് എയർ ഇന്ത്യ, ഇൻഡിഗോ അടക്കമുള്ള കന്പനികളുടെ നിലപാട്. ആഭ്യന്തരവിമാനങ്ങളിലെ നോണ്‍-സ്റ്റോപ്പ് ഇക്കണോമി ക്ലാസ് ടിക്കറ്റുകളാകട്ടെ ലഭ്യമല്ലാതായി.
ഇതോടെ ഒരു സ്റ്റോപ്പെങ്കിലുമുള്ള സർവീസുകൾക്ക് മുന്പുണ്ടായിരുന്നതിനേക്കാൾ നാലും അഞ്ചും ഇരട്ടിയാണു നിരക്ക് ഈടാക്കുന്നത്. ഇൻഡിഗോ സർവീസുകളുടെ റദ്ദാക്കലിനുപിന്നാലെ കൊച്ചി- ഡൽഹി പോലുള്ള വിമാന ടിക്കറ്റുകൾക്ക് 60,000 രൂപ വരെ ഈടാക്കിയതിൽ മാറ്റം വരുത്തിയിട്ടില്ല.
ഇക്കണോമി ക്ലാസ് നിരക്ക് 7,500 മുതൽ പരമാവധി 18,000 രൂപ വരെയാക്കി നിജപ്പെടുത്തിയത് കഴിഞ്ഞ നാലുമുതലാണ്. ഇതനുസരിച്ച് 1,500 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള വിമാനസർവീസിന് 18,000 രൂപയിൽ കൂടുതൽ ഈടാക്കാനാകില്ല. എന്നാൽ ഫലത്തിൽ 30,000- 40,000 രൂപ നിരക്കിലാണ് ഇന്നലെയും യാത്രക്കാർക്ക് ഡൽഹിയിൽനിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റിനു നൽകേണ്ടിവന്നത്.
ഡിമാൻഡ് ആൻഡ് സപ്ലൈ സംവിധാനം അനുസരിച്ച് ഡിമാൻഡ് കൂടുന്പോൾ നിരക്കുകൾ കുത്തനേ കൂട്ടുകയാണ് വിമാനക്കന്പനികൾ. ഒറ്റ അല്ലെങ്കിൽ രണ്ടു സ്റ്റോപ്പ് വിമാനങ്ങളോ ഇക്കണോമി, പ്രീമിയം ഇക്കണോമി എന്നിവയുടെ സംയോജനമോ മൂന്നാം കക്ഷി പ്ലാറ്റ്ഫോമുകളിൽനിന്നെടുത്ത ബിസിനസ് ടിക്കറ്റുകൾക്കോ ആണ് വലിയ തുക ഈടാക്കിയതിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നാണ് എയർ ഇന്ത്യ പറയുന്നത്. അത്തരം എല്ലാ ക്രമമാറ്റങ്ങൾക്കും പരിധി നിശ്ചയിക്കാനാകില്ലെന്നും എയർ ഇന്ത്യ അവകാശപ്പെട്ടു.
ഇന്നലെ രാത്രി ഏഴിനു ഡൽഹിയിൽനിന്ന് കൊച്ചിയിലേക്കുള്ള വണ്‍ സ്റ്റോപ്പ് എയർ ഇന്ത്യ ഇക്കണോമി ക്ലാസ് ടിക്കറ്റിന് 26,357 രൂപയായിരുന്നു നിരക്ക്. യാത്രക്കാരെ ചൂഷണം ചെയ്യുന്നതു തടയുമെന്ന് അവകാശപ്പെട്ട കേന്ദ്രസർക്കാരാകട്ടെ എല്ലാം കണ്ടില്ലെന്നു നടിക്കുകയാണ്. ഒരു വർഷത്തിലേറെയായി 5,000 മുതൽ 8,000 രൂപ വരെ ഈടാക്കിയിരുന്ന ഡൽഹി- കൊച്ചി വിമാന ടിക്കറ്റിന് ഒറ്റയടിക്ക് 18,000 രൂപവരെ നിരക്ക് ഈടാക്കാൻ അനുവദിച്ച സർക്കാർ നടപടിയും ദുരൂഹമാണ്.
എയർ ഇന്ത്യകൂടി ടാറ്റ കന്പനിക്കു വിറ്റു സ്വകാര്യവത്കരിച്ചതോടെ സർക്കാരും യാത്രക്കാരെ കൈവിട്ടു. രാജ്യത്തെ ആഭ്യന്തരസർവീസുകളുടെ 60 ശതമാനത്തിലേറെ ഇൻഡിഗോയും 35 ശതമാനത്തോളം എയർ ഇന്ത്യയും കൈയടക്കിയതോടെ മത്സരം ഫലത്തിൽ ഇല്ലാതായി. കേന്ദ്രസർക്കാരിന്റെ പൂർണ ഒത്താശയോടെയാണ് ചെറുകിട കന്പനികളെ വിഴുങ്ങിയും അപ്രസക്തമാക്കിയും ഇൻഡിഗോയും എയർ ഇന്ത്യയും കുത്തക നേടിയതെന്ന് പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി.
ഇൻഡിഗോയുടെ കള്ളക്കളിയാണ് രാജ്യത്ത് ആയിരങ്ങളെ ബാധിച്ച വിമാനയാത്രാ പ്രതിസന്ധിയിലേക്കു നയിച്ചതെന്ന റിപ്പോർട്ടുകൾക്കിടെയാണ് നിരക്കിലെ പകൽക്കൊള്ള തുടരുന്നത്. അയ്യായിരത്തോളം ആഭ്യന്തര സർവീസുകൾ റദ്ദാക്കിയപ്പോൾ, വിദേശസർവീസുകളിൽ മഹാഭൂരിപക്ഷവും തടസമില്ലാതെ ഇൻഡിഗോ നടത്തിയത് ദുരൂഹമാണ്.