പറവൂര്‍: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതോടെ അണപൊട്ടിയ ആഹ്ലാദത്തിലായിരുന്നു പറവൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരും അണികളും.
പറവൂര്‍ എംഎല്‍എ ഓഫീസില്‍ ഒത്തുകൂടിയവര്‍, മുഖ്യമന്ത്രി പ്രഖ്യാപനം വന്നതോടെ ആവേശത്തിലായി. പരസ്പരം ആശ്ലേഷിച്ചും നന്ദിപറഞ്ഞും ആഹ്ലാദം പങ്കിട്ടു.
കൈയില്‍ കരുതിയിരുന്ന ത്രിവര്‍ണ പതാകകള്‍ പുറത്തെടുത്ത പ്രവര്‍ത്തകര്‍ അതുമായി പുറത്തേക്ക് കുതിച്ചു. നിമിഷ നേരം കൊണ്ട് പുറമേനിന്ന് നിരവധി പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫീസ് വളപ്പില്‍ നിറഞ്ഞു.
രണ്ടു മണിവരെ നീണ്ട ആഹ്ലാദ പ്രകടനങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തിയെങ്കിലും പ്രവര്‍ത്തകരുടെ ഓഫീസിലേക്കുള്ള ഒഴുക്കിന് കുറവുണ്ടായില്ല. പലരും മധുരപലഹാരങ്ങളുമായിട്ടാണ് എത്തിയത്.
വൈകിട്ട് അഞ്ചിന് നഗരത്തില്‍ നടന്ന പ്രകടനത്തിലും ആവേശം അണപൊട്ടി. വാദ്യമേളത്തിന്റെയും ഡിജെയുടെയും അകമ്പടിയോടെയായിരുന്നു പ്രകടനം. ഇടയ്ക്ക് കരിമരുന്നു പ്രയോഗവും നടന്നു.
കോണ്‍ഗ്രസ് നേതാക്കളായ കെ.പി. ധനപാലന്, എം.ഡി. ജയന്, രമേഷ് ഡി. കുറുപ്പ്, പി.എസ്. രഞ്ജിത്ത്, ഡെന്നി തോമസ്, ജോസ് മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.